കാഞ്ഞങ്ങാട്: മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി പിടികൂടാനുള്ള ശ്രമത്തിനിടെ വാഹനത്തിൽ ഇടിപ്പിച്ച് പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമം. സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഹോസ്ദുർഗ് പൊലീസ് കൺട്രോൾ റൂമിലെ ജീപ്പിലാണ് മണൽ കയറ്റിയ ടിപ്പർ ലോറി ഇടിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച വെള്ളിക്കോത്ത് റോഡിൽ കിഴക്കുംകരക്ക് സമീപമാണ് സംഭവം. കൺട്രോൾ റൂമിലെ സീനിയർ സിവിൽ ഓഫിസർ തുളുച്ചേരി അശോകനെ (45) ഇടതുകൈ ഷോൾഡറിന് പരിക്കേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൈറ്റ് പട്രോളിങ്ങിനിടെ അനധികൃതമായി മണൽ കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ലോറി പിടികൂടാൻ പൊലീസ് തിരച്ചിൽ നടത്തി. പൊലീസ് വാഹനം ഉപേക്ഷിച്ച് എസ്.ഐ അഖിലിന്റെ നേതൃത്വത്തിൽ ദേശീയപാതയിൽ കാത്തിരുന്നു. ഇതിനിടയിൽ എസ്.ഐയുടെ കാറിലിടിച്ച ടിപ്പർ ലോറി മണലുമായി കടന്നുകളഞ്ഞു. എസ്.ഐ വിവരം അറിയിച്ചതിനെത്തുടർന്ന് പുലർച്ചെ 1.40ന് കൺട്രോൾ റൂം വാഹനത്തിൽ പൊലീസുകാർ കിഴക്കുംകരയിലെത്തി. വെള്ളിക്കോത്ത് ഭാഗത്തുനിന്ന് ഓടിച്ചുവന്ന ടിപ്പർ നിർത്തിക്കാനായി ഇറങ്ങി തടയാൻ ശ്രമിച്ചു. ഈ സമയം പൊലീസ് വാഹനത്തിന്റെ ഇടതുഭാഗത്ത് ഇടിപ്പിച്ചശേഷം കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു.
തങ്ങളെ പിന്തുടരുന്നതറിഞ്ഞ പ്രതികൾ ടിപ്പറിലെ മണൽ മുഴുവൻ പൊലീസ് വാഹനത്തിന് മുന്നിലേക്ക് ചെരിഞ്ഞശേഷം രക്ഷപ്പെട്ടു. ഇതിനിടയിൽ, മണൽലോറിക്ക് വഴികാട്ടിയായെത്തിയ ബൈക്ക് യാത്രികന് പൊലീസിനെ കണ്ടപ്പോൾ നിയന്ത്രണംവിട്ട് വാഹനം മതിലിൽ ഇടിച്ച് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ടയർ ഉൾപ്പെടെ പൊട്ടി പൊലീസ് വാഹനത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർ വടകരമുക്കിലെ ഇർഫാനും മറ്റൊരാൾക്കുമെതിരെ ഹോസ്ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇവരെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.