പണി പൂർത്തിയാകാത്ത കാസർകോട് മെഡിക്കൽ കോളജ് കെട്ടിടം (ഫയൽ ചിത്രം)
കാസർകോട്: ബജറ്റിൽ കണ്ണൂരിനും കൊല്ലത്തിനും വയറുനിറച്ച് കൊടുത്തെങ്കിലും കാസർകോട് ജില്ലക്ക് ഇക്കൊല്ലവും ഓണമില്ലാത്ത അവസ്ഥ. സംസ്ഥാനത്തെ കോഴിക്കോട്, കോട്ടയം, തൃശൂർ, കൊല്ലം, കണ്ണൂർ, മഞ്ചേരി, ആലപ്പുഴ എന്നീ മെഡിക്കൽ കോളജുകളിൽ വിവിധ സൗകര്യങ്ങൾക്ക് തുക വകയിരുത്തിയപ്പോഴും ആരോഗ്യരംഗത്ത് ഏറെ പിന്നിലായ ജില്ലയിലെ മെഡിക്കൽ കോളജ് ആശുപത്രി വികസനത്തിന് ഇക്കുറിയും ഒന്നുമില്ല. ചികിത്സാ കാര്യങ്ങൾക്ക് മംഗളൂരുവിനെയും കണ്ണൂരിനെയും ആശ്രയിക്കേണ്ട അവസ്ഥയുള്ളപ്പോഴാണ് ഇങ്ങനെയൊരു അവഗണന ഉണ്ടായിരിക്കുന്നത്. വികസന പാക്കേജിലേക്കും തുക വകയിരുത്തിയിട്ടില്ല.
നീലേശ്വരം: ജില്ലയിലെ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കാൻ ലക്ഷ്യമിട്ട് നീലേശ്വരത്ത് ആരംഭിക്കാൻ ഉദ്ദേശിച്ച നിയമപഠന കേന്ദ്രത്തിന് പുതിയ ബജറ്റിൽ തുക അനുവദിക്കാത്തതിൽ കടുത്ത നിരാശ. നീലേശ്വരം നഗരസഭ കൗൺസിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയശേഷം ആദ്യ പിണറായി സർക്കാറിൽ നിയമ മന്ത്രിയായിരുന്ന എ.കെ. ബാലന് നിവേദനം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ബജറ്റിൽ ഒരുകോടി രൂപ ടോക്കൻ തുക അനുവദിച്ചിരുന്നു. എന്നാൽ, തുടർപ്രവർത്തനങ്ങൾ ഒന്നുമുണ്ടായില്ല. തുടർന്ന് രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ ബജറ്റിൽ രണ്ടുകോടി രൂപ നീക്കിവെച്ചു. നാലാം വർഷത്തിൽ മന്ത്രി കെ. ബാലഗോപാലൻ വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റിൽ ലോ കോളജിന് ഒരു രൂപപോലും വകയിരുത്താത്തത് ജില്ലയിലെ വിദ്യാർഥികളെ നിരാശരാക്കി.
നിയമപഠന കേന്ദ്രത്തിനായി നീലേശ്വരം പാലാത്തടത്ത് കണ്ടെത്തിയ റവന്യൂ ഭൂമി
നീലേശ്വരം പാലാത്തടത്തെ റവന്യൂ ഭൂമി നിയമപഠന കേന്ദ്രത്തിനായി കണ്ടെത്തി ഉദ്യോഗസ്ഥർ പരിശോധിച്ച് ധാരണയായിരുന്നു. ഇതുകൂടാതെ നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപവത്കരണത്തിനായുള്ള ഒരു നിർദേശമോ ടോക്കൺ തുക അനുവദിക്കുന്നതിനായുള്ള ഒരു നടപടിയും ഉണ്ടായില്ല.
ഹോസ്ദുർഗ് താലൂക്ക് വികസനസമിതി യോഗത്തിൽ ചർച്ചയായപ്പോൾ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടുന്നതിനായി തഹസിൽദാർ യോഗം വിളിച്ചിരുന്നു. എന്നാൽ, നീലേശ്വരം താലൂക്കെന്ന സ്വപ്നത്തിനും നിയമ പഠന കേന്ദ്രത്തിനും ബജറ്റിലൊന്നുമില്ലാത്തതിനാൽ ചോദ്യം ജനങ്ങളിൽനിന്ന് ഉയർന്നുകഴിഞ്ഞു.
കാസർകോട്: മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. പി. പ്രഭാകരൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് കാസർകോട് വികസന പാക്കേജ് എന്ന ഒരു പദ്ധതിയുണ്ടായത്. അന്ന് 430 പദ്ധതികൾ ഉൾച്ചേർന്ന റിപ്പോർട്ടായിരുന്നു അത്. ഇവിടത്തെ പിന്നാക്കാവസ്ഥ അടിസ്ഥാനപ്പെടുത്തിയും പഠിച്ചും പരിഗണിച്ചും സമർപ്പിച്ച വിശദമായ റിപ്പോർട്ട്, അതാണ് കാസർകോട് വികസന പാക്കേജ്. 617 പേജുള്ള റിപ്പോർട്ടിൽനിന്നുതന്നെ മനസ്സിലാക്കാം ഒരു നാടിനോടുള്ള അവഗണനയുടെ ആഴം. എന്നാൽ, വെള്ളിയാഴ്ച ധനമന്ത്രി ബാലഗോപാലൻ അവതരിപ്പിച്ച ബജറ്റിൽ വികസന പാക്കേജിലേക്കും ഒന്നും തന്നില്ല.
ടൂറിസം രംഗത്ത് പുതിയ കാൽവെപ്പുമായി മുന്നേറുന്ന സംസ്ഥാനത്തിന് ഒരു മുതൽക്കൂട്ടാകുന്ന ബേക്കലിന് വികസനത്തിനായി വല്ലതും കിട്ടുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കൂടാതെ, ഐ.ടി പാർക്കും വ്യവസായ പാർക്കും കായികമന്ത്രിയുടെ സ്ത്രീസൗഹൃദ സ്റ്റേഡിയവും മാപ്പിള കലാ അക്കാദമിയും കാസർകോട് മെഡിക്കൽ കോളജും കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാതയും അങ്ങനെയങ്ങനെ എണ്ണിയാൽ തീരാത്ത കാര്യങ്ങൾ ജില്ലക്ക് ആവശ്യമായിരുന്നു. അതൊന്നുമില്ലാത്ത ബജറ്റ് തീർത്തും ജില്ലയെ സംബന്ധിച്ചിടത്തോളം നിരാശതരുന്നതാണെന്നാണ് ജനങ്ങളുടെ ആക്ഷേപം.
കാസർകോട്: ദേശീയ പാതയിലൂടെയും ബേക്കൽ-കോവളം ജലപാതക്കായി 500 കോടി വകയിരുത്തിയതിലൂടെയും ജില്ലയുടെ ഭാവി പ്രതീക്ഷകൾക്ക് വലിയ പിന്തുണയാണ് സംസ്ഥാന ബജറ്റിൽ ലഭിച്ചതെന്ന് സി.പി.എം ജില്ല സെക്രട്ടറി എം. രാജഗോപാലൻ. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി രൂപ അനുവദിച്ചത് കണ്ണീരൊപ്പുന്ന ആശ്വാസ നടപടിയാണ്. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം മയിലാട്ടിയിൽ അടുത്തവർഷം സജ്ജമാക്കാൻ അഞ്ചുകോടി വകയിരുത്തിയിട്ടുണ്ട്.
കാസർകോട് തുറമുഖ നവീകരണം ഈവർഷം പൂർത്തിയാക്കും. പെരിയ എയർസ്ട്രിപ്പിന് 50 ലക്ഷം രൂപ, ജില്ല, താലൂക്ക് സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റുകൾ ആരംഭിക്കുന്നത് തുടങ്ങിയ പ്രഖ്യാപനങ്ങൾ ജില്ലക്ക് ഏറെ ആശ്വാസം പകരും. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ജില്ലയുടെ വികസനമേഖലയിൽ ശ്രദ്ധയൂന്നിയ സംസ്ഥാന ബജറ്റിനെ അഭിവാദ്യം ചെയ്യുന്നതായും എം. രാജഗോപാലൻ പറഞ്ഞു.
കാസർകോട്: മഞ്ചേശ്വരം താലൂക്ക് ഓഫിസ് കെട്ടിടത്തിന് ബജറ്റിൽ ഫണ്ടനുവദിക്കാത്തത് നിരാശജനകമെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ. മഞ്ചേശ്വരം ഹാർബറിൽ കണക്ഷൻ ബ്രിഡ്ജും ചെറു വള്ളങ്ങൾക്കുള്ള ജെട്ടിയും ബജറ്റിലില്ല, മഞ്ചേശ്വരം മിനി സിവിൽ സ്റ്റേഷൻ, കുമ്പള-കഞ്ചിക്കട്ടയിൽ എസ്.ഡബ്ല്യൂ.ഇ.സി.ബി കം ബ്രിഡ്ജ് പുനർ നിർമാണം തുടങ്ങിയ പല പദ്ധതികൾക്കും ഫണ്ടനുവദിക്കാത്തതും നിരാശജനകമാണ്.
കാസർകോട്: പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് നിരാശജനകവും അടിസ്ഥാന സൗകര്യ മേഖലയിൽ ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നിർദേശമില്ലാത്തതുമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് എം.എൽ. അശ്വിനി. ജില്ലയിൽ എൻഡോസൾഫാൻ ബാധിതർക്ക് നീക്കിവെച്ചിരിക്കുന്നത് കഴിഞ്ഞവർഷത്തെ അതേ തുകയാണെന്നും അശ്വിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.