മെമുവിനുവേണ്ടി വരകളിൽ പ്രതിഷേധാഗ്നി തീർത്ത് ജനകീയ കൂട്ടായ്മ

നീലേശ്വരം: മെമു സർവിസ് മംഗളൂരുവരെ നീട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടും കാസർകോട്​ ജില്ലയോടുള്ള അവഗണനക്കെതിരെയും ചിത്രകാരൻ പ്രഭൻ നീലേശ്വരത്തി‍ൻെറ നേതൃത്വത്തിൽ മെമു സർവിസി‍ൻെറ ചിത്രാവിഷ്കാരം നടത്തി പ്രതിഷേധിച്ചു. നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ നടത്തിവരുന്ന സമര- പ്രതിഷേധ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ചിത്രാവിഷ്കാരം നടത്തിയത്. ജേസീസ് പ്രസിഡൻറ്​ ഡോ. പി. രതീഷ് അധ്യക്ഷത വഹിച്ചു. സേതു ബങ്കളം, ഗോവിന്ദൻ കീലത്ത്, ടോംസൺ ടോം, എ.വി. പത്മനാഭൻ, ചന്ദ്രൻ നവോദയ, കെ.എം. രാജേഷ് എന്നിവർ സംസാരിച്ചു. ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി. സുനിൽ രാജ് സ്വാഗതവും വൈസ് പ്രസിഡൻറ്​ കെ.വി. പ്രിയേഷ് കുമാർ നന്ദിയും പറഞ്ഞു. ജനകീയ കൺവെൻഷൻ, മെമു മണൽശിൽപം, മനുഷ്യ മെമു, ബൈക്ക് റാലി, സമൂഹ ചിത്രരചന തുടങ്ങിയ പ്രതിഷേധ പരിപാടികൾക്കുശേഷം പാലക്കാട് ഡിവിഷനൽ മാനേജർക്ക് നിവേദനം നൽകുന്നതിനായി റെയിൽവേ യാത്രക്കാരുടെ ഒപ്പുശേഖരണം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിവരുന്നുണ്ട്. മെമു സർവിസ് നടത്തുന്നതിനു പുറമെ മെമു യാർഡ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യം കാസർകോട്​ ജില്ലയിലെ നീലേശ്വരം, കുമ്പള സ്​റ്റേഷനുകളിൽ ലഭ്യമാണ്. മംഗളൂരുവും കണ്ണൂരും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുമ്പോൾ, റെയിൽവേയുടെ അധീനതയിൽ ഏക്കർകണക്കിന് ഭൂമിയാണ് നീലേശ്വരത്തും കുമ്പളയിലുമുള്ളത്. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് കാസർകോടി‍ൻെറ റെയിൽവേ വികസനത്തിന് ഇന്ത്യൻ റെയിൽവേ അധികൃതർ തയാറാകണമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.