കോവിഡ് വ്യാപനം: കാഞ്ഞങ്ങാട് നിയന്ത്രണമേർപ്പെടുത്തുന്നു

ഞായറാഴ്​ചകളിൽ സമ്പൂർണ ലോക്​ഡൗൺ കാഞ്ഞങ്ങാട്: നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണവും ജാഗ്രതയും പുലർത്താൻ നഗരസഭ കോവിഡ് ജാഗ്രത സമിതി യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകീട്ട്​ ആറുവരെയാക്കാനും ഹോട്ടലുകളിലും റസ്​റ്റാറൻറുകളിലും ഒരുസമയം അഞ്ചുപേരെ മാത്രം ഇരുത്തി ഭക്ഷണം നൽകാനും വൈകീട്ട്​ ആറുമണിക്ക് ശേഷം പാഴ്​സൽ നൽകാനും മാത്രം അനുവാദം നൽകും. എല്ലാ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും ഹാൻറ്​വാഷും സാനിറ്റൈസറും നിർബന്ധമാക്കി. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. കോട്ടച്ചേരി മത്സ്യ മാർക്കറ്റ് പരീക്ഷണാടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനും മൊത്ത വിതരണം രാവിലെ 10നുള്ളിൽ അവസാനിപ്പിക്കാനും വേണ്ടി മത്സ്യ മാർക്കറ്റ് കമ്മിറ്റി ചേരാനും തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും നിയന്ത്രണങ്ങൾ നടപ്പാക്കാൻ പൊലീസ് നഗരസഭ സംയുക്​ത പരിശോധന നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ്​ ചെയ്യാനും തീരുമാനിച്ചു. യോഗത്തിൽ നഗരസഭ ചെയർമാൻ വി.വി. രമേശൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം.പി. ജാഫർ, ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, കെ. മുഹമ്മദ്കുഞ്ഞി, എം.കെ. ഗിരീഷ്, അബ്​ദുൽ സലാം, ഷിജു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.