കാസർകോട്: കേന്ദ്ര സർവകലാശാലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി-ആർ.എസ്.എസ് സംഘടനകളിലെ തർക്കം കാരണം മലയാളിക്ക് വി.സി സ്ഥാനം നഷ്ടപ്പെടാൻ സാധ്യത. രാഷ്ട്രപതിക്ക് സമർപ്പിച്ച പട്ടികയിലെ രണ്ട് മലയാളി പേരുകളുമായി ബന്ധപ്പെട്ടാണ് സംഘടനയിൽ തർക്കം. അതിനാലാണ് താൽക്കാലിക വി.സിയെ നിയമിക്കേണ്ടിവന്നത് എന്നാണ് സൂചന. പ്രഥമ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസിനു ശേഷമാണ് ഡോ. ജി. ഗോപകുമാർ വിസിയാവുന്നത്. കേരള കേന്ദ്ര സർവകലാശാല അധിപൻ മലയാളി തന്നെയാകണമെന്ന് കോൺഗ്രസ് തുടങ്ങിവെച്ച കീഴ്വഴക്കമാണ് ഗോപകുമാറിലേക്ക് ബി.ജെ.പിയെ എത്തിച്ചത്. 2019 ആഗസ്റ്റ് ആറിന് ജി. ഗോപകുമാറിൻെറ കാലാവധി അവസാനിച്ചുവെങ്കിലും പകരക്കാരനെ കണ്ടെത്താൻ ബി.ജെ.പി നേതൃത്വത്തിന് കഴിഞ്ഞില്ല. ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡൻറ് ആയിരിക്കെ സർവകലാശാലയിലെത്തി പ്രോ. വി.സി സ്ഥാനത്ത് എത്തിയ ഡോ. കെ. ജയപ്രസാദിൻെറ നേതൃത്വത്തിലും ജയപ്രസാദിൻെറ നിർദേശങ്ങൾ അംഗീകരിക്കരുതെന്ന് കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തി കെ. സുരേന്ദ്രൻെറ നേതൃത്വത്തിലും നടന്ന നീക്കങ്ങൾ കാരണമാണ് വി.സി നിയമനം നടക്കാതെ പോയതെന്നാണ് ആരോപണം. നിയമനത്തിന് 10 പേരുടെ പട്ടികയും പിന്നാലെ അഞ്ചുപേരുടെ ചുരുക്കപ്പട്ടികയും രാഷ്ട്രപതിക്ക് സമർപ്പിച്ചിട്ടും വി.സിയെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. ചുമതല പി.വി.സി ഡോ. കെ. ജയപ്രസാദിന് നൽകാൻ കണ്ണൂർക്കാരനായ കേന്ദ്ര മാനവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി തയാറാക്കിയ കത്ത് പുറത്തുവന്നു. വി.സി ചുമതല മുതിർന്ന പ്രഫസർക്കോ പ്രോ. വിസിക്കോ നൽകണമെന്നായിരുന്നു കത്ത്. കത്ത് പുറത്തായതോടെ അതിൻെറ സാധുത ചോദ്യംചെയ്യപ്പെട്ടു. തുടർന്ന് കത്ത് പിൻവലിച്ചു. പിന്നീടാണ് ഡോ. കെ.സി. ബൈജുവിന് ചുമതല നൽകിയത്. ഒടുവിൽ, വി.സി സ്ഥാനത്തേക്ക് പരിഗണിച്ച രണ്ടു മലയാളികളെയും തള്ളി ആന്ധ്രക്കാരനായ പ്രഫസറെ വൈസ് ചാൻസലറാക്കാൻ നീക്കമുണ്ട് എന്നാണ് അറിയുന്നത്. അതേസമയം, ഇദ്ദേഹം കേരളത്തിലേക്ക് വരാൻ താൽപര്യം അറിയിച്ചിട്ടില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.