ദേശീയപാത നീലേശ്വരം റീച്ചിൽ മണ്ണിട്ട് നികത്തേണ്ട ഭാഗം
നീലേശ്വരം: അതിവേഗം പുരോഗമിച്ചുകൊണ്ടിരുന്ന ദേശീയപാത നീലേശ്വരം റീച്ച് പ്രവൃത്തി പാതിവഴിയിൽ നിലച്ചു. പാതയുടെ രണ്ടുഭാഗം വൻമതിൽ തീർത്ത് മധ്യഭാഗം മണ്ണിട്ട് നികത്തിയാൽ മാത്രമേ ദേശീയപാത പുതിയ നാലുവരിപ്പാത യാഥാർഥ്യമാവുകയുള്ളൂ. ഇവിടേക്കുവേണ്ട മണ്ണ് കിട്ടാത്തതിനാലാണ് നിർമാണം നിലച്ചത്.
നീലേശ്വരം, ചെറുവത്തൂർ പ്രദേശങ്ങളിലെ കുന്നിടിച്ച് മണ്ണെടുത്താണ് ഇത്രയുംകാലം റോഡ് നിർമാണത്തിന് ഉപയോഗിച്ചത്. ഇതിൽ ചെറുവത്തൂർ വീരമലക്കുന്നിടിച്ചാണ് കൂടുതലും മണ്ണെടുത്തത്. എന്നാൽ, വീരമലക്കുന്ന് അനിയന്ത്രിതമായി മണ്ണെടുത്തതുമൂലം പുതിയ ദേശീയപാതക്കുതന്നെ ഭീഷണിയായി മാറി. കൂടാതെ, കുന്നിടിക്കുന്നതിൽ ജില്ല ഭരണകൂടം നിയന്ത്രണമേർപ്പെടുത്തിയതും പ്രാദേശിക എതിർപ്പും കാരണം കരാറുകാരന് മണ്ണെടുക്കാൻ പറ്റാത്ത അവസ്ഥയാണ്.
നീലേശ്വരം കരുവാച്ചേരി മുതൽ പാലം വരെയുള്ള ഭാഗമാണ് മണ്ണിട്ട് നികത്തേണ്ടത്. ആയിരത്തിലധികം ലോഡ് മണ്ണുണ്ടായാൽ മാത്രമേ ഈ റീച്ചിൽ റോഡ് നിർമാണം പൂർത്തിയാവൂ. ഇത്രയും മണ്ണ് കുന്നിടിച്ചാൽ മാത്രമേ കിട്ടുകയുമുള്ളൂ. ഈ മണ്ണ് കിട്ടാത്തതുമൂലം രണ്ടാഴ്ചയിലധികമായി നിർമാണം നിലച്ചമട്ടിലാണ്. മണ്ണ് ലഭിച്ചില്ലെങ്കിൽ നീലേശ്വരം റീച്ച് പ്രവൃത്തി അനന്തമായി നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.