ജില്ല ആസൂത്രണ സമിതി യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സംസാരിക്കുന്നു
കണ്ണൂർ: കാട്ടാന ആക്രമണം നേരിടുന്ന പ്രദേശങ്ങളിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാറിന് നിർദേശം സമർപ്പിക്കാൻ ജില്ല ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം.
ആറളം, ഉളിക്കൽ, അയ്യങ്കുന്ന്, ഉദയഗിരി, പയ്യാവൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണിത്. കാട്ടാനശല്യം നേരിടുന്ന പഞ്ചായത്തുകൾ ഫെൻസിങ് മാപ്പ് തയാറാക്കി ഉടൻ സമർപ്പിക്കണമെന്നും യോഗം നിർദേശിച്ചു.
പട്ടികവർഗ മേഖലയിൽ നടപ്പാക്കുന്ന 'ട്രൈബൽ മിഷന്റെ' ഭാഗമായി 100 കോളനികളെ ജില്ല പഞ്ചായത്ത് ദത്തെടുക്കും. ഇതിനായി പട്ടികവർഗ കോളനികളിൽ സമഗ്ര പഠനം നടത്തും. 'മനസ്സോടിത്തിരി മണ്ണ്' കാമ്പയിനിന്റെ ഭാഗമായി ഭവനനിർമാണത്തിന് സ്ഥലം സംഭാവന ചെയ്യാൻ താൽപര്യമുള്ളവരെ ഉടൻ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകരെ മാറ്റുന്നത് ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിക്കണമെന്നും യോഗം നിർദേശിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ആസൂത്രണ സമിതി അംഗങ്ങളായ ടി.ഒ. മോഹനന്, ബിനോയ് കുര്യന്, ടി. സരള, ലിസി ജോസഫ്, ശ്രീന പ്രമോദ്, കെ. താഹിറ, വി. ഗീത, ഇ. വിജയന്, കെ.വി. ഗോവിന്ദന്, എന്‍.പി. ശ്രീധരന് എന്നിവര്‍ സംബന്ധിച്ചു.
ആന മതിൽ വേണ്ട; സൗരോർജ തൂക്കുവേലി മതിയെന്ന് ഹൈകോടതി
കേളകം: ആറളം വന്യജീവി സങ്കേതം അതിരിടുന്ന ആറളം ഫാമിൽ കാട്ടാന ആക്രമണം തടയാൻ ആനമതിൽ വേണ്ടെന്നും പകരം സൗരോർജ തൂക്കുവേലി മതിയെന്നും ഹൈകോടതി ഉത്തരവ്. ഇത് സംബന്ധിച്ച് ഫാമിലെ സാഹചര്യം പരിശോധിക്കാനെത്തിയ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവർ അടങ്ങിയ ഡിവിഷൻ െബഞ്ച് നിർദേശം നൽകിയത്. കഴിഞ്ഞവർഷം ആഗസ്റ്റ് അഞ്ചിന് ഇതേ ബെഞ്ച് ഇവിടെ ആനമത്തിൽ നിർമാണം ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കണം എന്ന് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയിരുന്നു.
വനാതിർത്തി പങ്കിടുന്ന ആറളം ഫാം പുനരധിവാസ മേഖലയിൽ നിരന്തരമായുണ്ടാകുന്ന വന്യമൃഗ ശല്യവും നിരവധിപേരുടെ അടിക്കടി ഉണ്ടാകുന്ന മരണവും താമസക്കാരായ ആദിവാസികളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതിലെ നിഷ്ക്രിയത്വവും ചൂണ്ക്കാണിച്ചു ഇവിടത്തെ താമസക്കാരായ ചന്ദ്രൻ, ശശി, തമ്പാൻ, ഷാജി എന്നിവർ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി അന്ന് ആനമതിൽ നിർമിക്കണമെന്ന് ഉത്തരവ് നൽകിയത്. ഇതിനു പിന്നാലെ ഇവിടത്തെ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനായി ചീഫ് െസക്രട്ടറി വിദഗ്ധ സമിതിയെ ആറളം ഫാമിലേക്ക് അയച്ചിരുന്നു. ഇവിടെ ആന മതിൽ നിർമാണം അപ്രായോഗികമാണെന്നും ഭാരിച്ച ചെലവ് വരുന്നതാണെന്നും മറ്റു സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും മറ്റും പരീക്ഷിച്ച സൗരോർജ തൂക്കുവേലി ഫലപ്രദമാണെന്നും ഇവർ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോൾ ഹൈകോടതി പുതിയ ഉത്തരവ് നൽകിയിരിക്കുന്നത്.
വിധിക്ക് വഴിയൊരുക്കിയത് സർക്കാറിന്റെ അലംഭാവമെന്ന്
കേളകം: കഴിഞ്ഞ ഫെബ്രുവരി ഏഴിന് മന്ത്രിമാരായ എം.വി. ഗോവിന്ദൻ, എ.കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ, എം.എൽ.എമാരായ സണ്ണി ജോസഫ്, കെ.കെ. ശൈലജ എന്നിവരുടെ നേതൃത്വത്തിൽ ആറളം ഫാമിൽ ചേർന്ന ഉന്നതതല യോഗം, വിദഗ്ധ സമിതിയുടെ ആനമതിലിന് പകരം സൗരോർജ വേലിയെന്ന നിർദേശം തള്ളുകയും ആനമതിൽ തന്നെ പണിയാനും തീരുമാനിച്ചിരുന്നു.
മന്ത്രിതല തിരുമാനം ഹൈകോടതിയുടെ ശ്രദ്ധയിൽപെടുത്താനും കോടതിയിൽ ആന മതിലിന് വിരുദ്ധമായുള്ള പരാതിയും സത്യവാങ്മൂലം പിൻവലിക്കാനും യോഗം തിരുമാനിച്ചു. ഈ തിരുമാനം നടപ്പാക്കുന്നതിൽ സർക്കാറിനുണ്ടായ വീഴ്ചയാണ് ഹൈകോടതി വിധിക്ക് വഴിയൊരുക്കിയതെന്ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.
ആറളം ഫാമിനെയും അവിടത്തെ ആയിരക്കണക്കിന് മനുഷ്യരെയും രക്ഷിക്കാൻ കോൺക്രീറ്റ് മതിൽ നിർമിക്കുന്ന വിധത്തിൽ ഹൈകോടതി വിധി തിരുത്തിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.