പുന്നോൽ പെട്ടിപ്പാലം ദേശീയപാതയിൽ വാഹനാപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക്.
തലശ്ശേരി: ബസുകളുടെ അമിത വേഗതയും അശ്രദ്ധയും അപകടത്തിന് വഴിയൊരുക്കുന്നു. ദേശീയപാതകളിൽ ലക്കും ലഗാനുമില്ലാതെയാണ് ദീർഘദൂര ബസുകൾ കുതിച്ചോടുന്നത്. പുന്നോൽ പെട്ടിപ്പാലം ലിമിറ്റിൽ ബുധനാഴ്ച്ച ഉച്ചക്കുണ്ടായ ബസ് അപകടത്തിൽ തലനാരിഴക്കാണ് യാത്രക്കാർ മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. കണ്ണൂർ -കോഴിക്കോട് റൂട്ടിലോടുന്ന രണ്ട് ബസുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. ബസുകളുടെ മുൻ ഭാഗം പാടെ തകർന്നു. അപകട സ്ഥലത്ത് ക്രെയിൻ എത്തിച്ച് ബെൽറ്റ് കെട്ടി ഉയർത്തിയ ശേഷം ബസുകൾ വലിച്ച് റോഡരികിലേക്ക് മാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് തലശ്ശേരി - മാഹി റൂട്ടിൽ ഏതാനും മണിക്കൂർ ഗതാഗത തടസ്സമുണ്ടായി. തലശ്ശേരി എ.എസ്. പി ഡോ. എം. നന്ദഗോപന്റെ നേതൃത്വത്തിൽ തലശ്ശേരി, മാഹി പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ദേശീയപാതയിൽ ഇടുങ്ങിയ സ്ഥലമാണ് പെട്ടിപ്പാലം പ്രദേശം. ഇവിടെ ഒരു ഭാഗം റെയിൽവേ ട്രാക്കും മറുഭാഗം മത്സ്യത്തൊഴിലാളികളടക്കം നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഇടവുമാണ്. ഇതേസ്ഥലത്ത് ഇതിനു മുമ്പും നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും ഇവിടെയില്ല. ഓർഡിനറി ബസുകൾ പെട്ടിപ്പാലം കോളനിക്ക് മുന്നിൽ നിർത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും റോഡരികിലാണ്. ബസ് കാത്തിരിപ്പ് കേന്ദ്രവും ഇവിടെയില്ല. ദീർഘദൂര ബസുകളുടെ ഓട്ടപ്പാച്ചിലിനിടയിൽ കാൽനട യാത്രക്കാരും കഷ്ടിച്ചാണ് കടന്നു പോകുന്നത്. അപകടം നടന്ന സ്ഥലത്ത് ബസുകളുടെ വേഗത നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ബുധനാഴ്ച ഉച്ചക്കുണ്ടായ ബസ് അപകടത്തിൽ 70 പേർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.