കണ്ണൂർ ക്ഷേമനിധി ഓഫിസിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു

ഓപറേഷൻ വെൽഫെയർ ഫണ്ട്; ജില്ലയിലെ ആറ് ക്ഷേമനിധി ഓഫിസുകളിൽ വിജിലൻസ് പരിശോധന

കണ്ണൂർ: ജില്ലയിൽ തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ഓഫിസുകളിൽ വിജിലൻസ് പരിശോധന. കണ്ണൂരിൽ കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ഫണ്ട് ഓഫിസ്, ബീഡി ആൻഡ് ചുരുട്ട് തൊഴിലാളി, കൈത്തറി തൊഴിലാളി, ചുമട്ടുതൊഴിലാളി, മോട്ടോർ തൊഴിലാളി, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എന്നീ ക്ഷേമനിധി ഫണ്ട് ഓഫിസുകൾ ഉൾപ്പെടെ ആറിടങ്ങളിലാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി എം.ടി. ജേക്കബിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

വ്യാഴാഴ്ച രാവിലെ 10.30ന് ആരംഭിച്ച പരിശോധന വൈകീട്ടാണ് അവസാനിച്ചത്. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. തുടർപരിശോധന നടത്തി മറ്റ് ക്രമക്കേടുകൾ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്. ക്ഷേമനിധി ഓഫിസുകളിലെ ക്രമക്കേടും അഴിമതിയും കണ്ടെത്താൻ ഓപറേഷൻ വെൽഫെയർ ഫണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്.

തൊഴിലാളികളിൽനിന്നും തൊഴിലുടമകളിൽനിന്നും പിരിച്ചെടുക്കുന്ന തുക കൃത്യസമയത്ത് അതത് ക്ഷേമനിധി അക്കൗണ്ടുകളിൽ അടയ്ക്കാതെ വകമാറ്റുന്നുവെന്നാണ് പ്രധാന പരാതി ഉണ്ടായത്. അനർഹരായ വ്യക്തികൾക്ക് കൈക്കൂലി വാങ്ങി പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു കൊടുക്കുന്നു എന്ന ആരോപണവും ഉണ്ടായിരുന്നു.

വ്യാജരേഖകൾ ചമച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായും മരണപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്തി പെൻഷൻ തുക തുടർന്നും തട്ടിയെടുക്കുന്നതായ നിരവധി പരാതികളും വിജിലൻസിന് മുമ്പാകെയുണ്ട്. കൂടാതെ, തൊഴിലാളിക്ക് വിവിധ ക്ഷേമനിധി ബോർഡുകളിൽനിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങളും 60 വയസ്സിന് ശേഷം ലഭിക്കേണ്ട പെൻഷനും കുടിശ്ശികയാണ്. കെട്ടിട തൊഴിലാളി ക്ഷേമനിധി ബോർഡിൽ പോലും മാസംതോറും നിശ്ചിത തുക അടച്ച് കാലാവധി പൂർത്തിയായവർക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും ആനുകൂല്യം ലഭിച്ചില്ല.

ക്ഷേമനിധി പെൻഷൻ ലഭിക്കാത്തവർക്ക് പോലും സാമൂഹികക്ഷേമ പെൻഷൻ തുകയിലും കുറവ് വരുത്തുന്നതായും തൊഴിലാളികൾക്ക് പരാതിയുണ്ടായിരുന്നു. ആറിടങ്ങളിലായി നടന്ന പരിശോധനയിൽ കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർമാരായ പി.എ. ബിനുമോഹൻ, സുനിൽകുമാർ, അനീഷ്, ബി.എസ്. ബാവിഷ്, കോഴിക്കോട് യൂനിറ്റ് ഇൻസ്പെക്ടർ നൗഫൽ എന്നിവരും നേതൃത്വം നൽകി.

Tags:    
News Summary - Vigilance Inspects Six Welfare Fund Offices in District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.