പ്രതീകാത്മക ചിത്രം
മാട്ടൂലിൽ നമ്പർ പ്ലേറ്റില്ലാത്ത ടിപ്പറുകളുടെ മരണപ്പാച്ചിൽ
പഴയങ്ങാടി: മാട്ടൂൽ കടപ്പുറത്തുനിന്ന് അനധികൃതമായി മണലെടുത്ത് കടത്തുന്ന ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ രാത്രി യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുന്നു. മാട്ടൂൽ കടൽ തീരത്തുനിന്ന് മണലെടുത്ത് മാട്ടൂൽ പഞ്ചായത്തിലെതന്നെ വിവിധ സ്ഥലങ്ങൾ, മാടായി, ചെറുകുന്ന് പഞ്ചായത്തുകളുടെ വിവിധ മേഖലകൾ എന്നിവിടങ്ങളിലേക്കാണ് മണൽ കടത്തുന്നത്. അർധരാത്രിയിൽ തുടങ്ങി പുലർകാലം വരെ നമ്പർ പ്ലേറ്റ് എടുത്തു മാറ്റിയ മണൽ കടത്ത് ലോറികളുടെ മരണപ്പാച്ചിലിലാണ് മാട്ടൂൽ - മടക്കര പാലം റോഡും, മാട്ടൂലിന്റെ പ്രധാന പാതയും.
പൊലീസിനെ വെട്ടിക്കാൻ പോക്കറ്റ് റോഡുകളിലേക്ക് അമിതവേഗത്തിൽ ഇടിച്ചുകയറി അപകടം വിതച്ച അനുഭവങ്ങളും ഇവിടെ നിരവധി. മണൽ കടത്ത് വാഹനങ്ങളുടെ മുന്നിലും പിന്നിലും അകമ്പടിക്കായി മൂന്നും നാലും ബൈക്കുകളാണ് വെളിച്ചമണച്ച് സഞ്ചരിക്കുന്നത് .മണലെടുത്ത് ചീറിപ്പായുന്ന വാഹനങ്ങൾ രാത്രികാലങ്ങളിലെ കാൽനട, ഇരുചക്ര വാഹന യാത്രികരുടെ ജീവന് കടുത്ത ഭീഷണി ഉയർത്തുന്നു. മണലുമായി സഞ്ചരിക്കുന്ന റൂട്ടിൽ പൊലീസ് സാന്നിധ്യമില്ലെന്ന് നിരീക്ഷിച്ച് വിവരം നൽകുന്നതിനായി പുലർകാലം വരെ നിരീക്ഷണത്തിനായുള്ള ഇരുചക്ര വാഹനങ്ങൾ അകമ്പടി വാഹനങ്ങൾക്കു പുറമെയാണ്. ഈ വാഹനങ്ങളും അമിതവേഗത്തിലാണ് കുതിക്കുന്നത്.
മണൽ കടത്ത് വാഹനങ്ങൾ തിരിച്ചറിയാതിരിക്കാനാണ് നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റിവെക്കുന്നത്. അമിത വേഗത്തിലോടി അപകടങ്ങൾ സൃഷ്ടിക്കുന്ന മണൽ കടത്ത് വാഹനങ്ങളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും കഴിയാതെ വരുന്നത് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് എടുത്തു മാറ്റുന്നതുകൊണ്ടാണ്. മണൽ കടത്തുന്ന ടിപ്പർ ലോറികൾ ഇരുചക്ര വാഹനങ്ങളാണെന്ന് എതിർദിശയിൽനിന്ന് വരുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ ലോറിയുടെ വലതുവശത്തെ ലൈറ്റ് ഓഫ് ചെയ്തിടുന്നതും പതിവ് രീതിയാണ്. അർധരാത്രി മുതലുള്ള അഞ്ച് മണിക്കൂർ നേരം നിയമം ലംഘിച്ചും അപകടം വിതച്ചും ജീവന് ഭീഷണിയുയർത്തിയും കുതിച്ചുപായുന്ന അനധികൃത മണൽ കടത്ത് ലോറികളുടെ വിളയാട്ടത്തിലാണ് മാട്ടൂലിലെ പാതകൾ. ബൈക്കുകൾ റോഡിന്റെ മധ്യത്തിൽ നിർത്തിയിട്ട സംഘം ചേരുന്നതും രാത്രി യാത്രക്കാർക്ക് ദുരിതം വിതക്കുന്നു. വൻതോതിലുള്ള അനധികൃത മണൽ കടത്തിന്റെ സാക്ഷ്യങ്ങളായി പാതയിലും പാതയോരത്തും വൻ മണൽ സാന്നിധ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.