അഴീക്കൽ തുറമുഖം
കണ്ണൂർ: കേരള തീരത്തെ ആശങ്കയിലാക്കി സിംഗപ്പൂർ കപ്പലിന് തീപിടിച്ചും പൊട്ടിത്തെറിച്ചുമുണ്ടായ ദുരന്തം നടന്നത് അഴീക്കലില്‍നിന്ന് 44 നോട്ടിക്കല്‍ മൈല്‍ (81.4 കിലോമീറ്റര്‍) അകലെ. ഏറ്റവും അടുത്തുള്ള തുറമുഖമെന്ന നിലക്ക് ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങേണ്ടിയിരുന്നത് അഴീക്കലിൽനിന്നായിരുന്നു.
എന്നാൽ, അതേക്കുറിച്ച് ചർച്ചപോലും വേണ്ടി വന്നില്ല. ബേപ്പൂർ, മംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള തീരരക്ഷാസേനയുടെ കപ്പലുകളാണ് ദുരന്ത സ്ഥലത്തേക്ക് കുതിച്ചത്. 88 നോട്ടിക്കൽ മൈൽ (162.98 കിലോമീറ്റർ) ദൂരമുണ്ടായിട്ടും ബേപ്പൂരിൽനിന്ന് രക്ഷാപ്രവർത്തനത്തിന് കപ്പലുകൾ പുറപ്പെട്ടു. പേരിൽ തുറമുഖമുണ്ട് എന്നല്ലാതെ കപ്പലൊന്നും അടുപ്പിക്കാവുന്നതല്ല അഴീക്കൽ തുറമുഖമെന്നതാണ് ഇത്തരമൊരു അവസ്ഥക്ക് കാരണം.
എല്ലാവർഷവും ബജറ്റിൽ അഴീക്കോട് തുറമുഖത്തിന് ഫണ്ട് വകയിരുത്തുമെന്നല്ലാതെ കപ്പലുകൾ എത്താൻ ഇനിയും കാത്തിരിക്കണമെന്നാണ് സ്ഥിതി. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഏഴ് കോടിയാണ് അഴീക്കൽ തുറമുഖ വികസനത്തിന് വകയിരുത്തിയത്. കപ്പൽ അടുപ്പിക്കാനുള്ള ആഴം അഴീക്കലിൽ ഇല്ലെന്നതാണ് പ്രധാന തടസ്സം. നാലുമീറ്റർ ആഴമുണ്ടെങ്കിൽ ചെറിയ കപ്പലുകൾക്ക് നങ്കൂരമിടാൻ സാധിക്കും.
മണലടിഞ്ഞുകിടക്കുന്നതിനാൽ നിലവിൽ രണ്ടു മീറ്ററോളം മാത്രമാണ് ആഴമുള്ളത്. മണൽ നീക്കുന്നതിന് അഴീക്കോട്, വളപട്ടണം, പാപ്പിനിശ്ശേരി, കല്യാശ്ശേരി, മാട്ടൂൽ പഞ്ചായത്തുകളോട് മാരിടൈം ബോർഡ് കത്ത് നൽകിയിട്ടുണ്ട്. മണൽ സംസ്കരിക്കുകയും പാരിസ്ഥിതികാനുമതി ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ഇത് നീണ്ടുപോകുകയാണ്.
2021-22ൽ ഒരു ചരക്കു കപ്പൽ മാസത്തിൽ രണ്ട് തവണകളായി അഴീക്കൽ-കൊച്ചി സർവിസ് നടത്തിയിരുന്നു. കണ്ണൂർ ഭാഗത്ത് ചരക്ക് കുറഞ്ഞതിനാൽ ലാഭകരമല്ലെന്ന കാരണത്താൽ കപ്പൽ കമ്പനി സർവിസ് ഉപേക്ഷിച്ചു.
ആഴം കൂട്ടുന്ന നടപടി തുറമുഖ വകുപ്പ് സ്വന്തം നിലക്ക് നടത്തിയതും മുടങ്ങിക്കിടക്കുകയാണ്. ആഴംകൂട്ടൽ നടപടി തുടങ്ങുന്നതിനുള്ള സർവേ നടപടികൾ തുടങ്ങിയിട്ടുണ്ട്. ചെറിയ കപ്പലുകൾ അടുപ്പിക്കാൻ കഴിയുന്നവിധം വികസന പ്രവൃത്തികളാണ് നടക്കുന്നതെന്നും ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും പോർട്ട് ഓഫിസർ പി.കെ. അരുൺ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.