കൊട്ടിയൂർ മാടത്തുംകാവിൽ പുലി?
കൊട്ടിയൂർ: മാടത്തുംകാവിൽ വീണ്ടും പുലിയെ കണ്ടതായി അഭ്യൂഹം. റബർ കർഷകരാണ് പുലിയെ കണ്ടതായി വനംവകുപ്പിനെ അറിയിച്ചത്. പുലിയുടെ സാന്നിധ്യം മുമ്പും റിപ്പോർട്ട് ചെയ്ത സ്ഥലമാണ് മാടത്തുംകാവ്. തുടർന്ന് പ്രദേശത്ത് വനപാലക സംഘം വ്യാപക തിരച്ചിൽ നടത്തി. മാടത്തുംകാവിലെ മണയ്ക്കാട്ട് ഷാജി, തകിടയിൽ ബിനു എന്നിവരാണ് ചൊവ്വാഴ്ച രാത്രി ടാപ്പിങ്ങിനായി എത്തിയപ്പോൾ റബർ തോട്ടത്തിൽ പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ കണ്ടത്. കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ ഒരാഴ്ചയായി മാടത്തുംകാവ് മേഖലയിൽ വന്യജീവിയെ കാണുന്നുണ്ടെന്നും പുലിയാണോ എന്നത് വ്യക്തമല്ലെന്നും ഷാജി പറഞ്ഞു. പുലിയെന്ന നിഗമനത്തിൽ നാട്ടുകാർ എത്തിയതോടെ മാടത്തുംകാവിലെ കർഷകരിൽ പലരും റബർ ടാപ്പിങ് ഉപേക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ച വരെ റബർ തോട്ടങ്ങളിൽ കാട്ടുപന്നികൾ എത്താറുണ്ടായിരുന്നു. എന്നാൽ, കുറച്ച് ദിവസങ്ങളായിട്ട് ഇവയെ കാണാത്തത് പുലിയുടെ സാന്നിധ്യം ഉള്ളതു കൊണ്ടാണെന്നും നാട്ടുകാർ വിശ്വസിക്കുന്നു.
എന്നാൽ പ്രദേശത്ത് കാൽപ്പാടുകളോ മറ്റോ കണ്ടെത്താൻ സാധിക്കാത്തതിനാൽ ഏത് ജീവിയാണെന്ന് പറയാൻ സാധിക്കില്ലെന്നും പ്രദേശത്ത് രാത്രി പട്രോളിങ് അടക്കം നടത്തുമെന്നും വേണമെങ്കിൽ കാമറ സ്ഥാപിക്കുമെന്നും കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സജീവ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.