താവം പുഴയോരത്ത് രാജൻ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകൾക്ക് മുന്നിൽ
കണ്ടൽ നട്ടുപിടിപ്പിക്കാനായി പാറയിൽ രാജൻ തീരങ്ങൾ തേടുന്നു
പഴയങ്ങാടി: കണ്ടൽ വനങ്ങൾ സംരക്ഷിച്ചും കണ്ടൽ ചെടികൾ വെച്ച് പിടിപ്പിച്ചും കണ്ടലിനോടൊപ്പം ജീവിക്കുകയാണ് ചെറുകുന്ന് പഞ്ചായത്തിലെ താവത്ത് താമസിക്കുന്ന പാറയിൽ രാജൻ. സ്വന്തമായുള്ള തോണിയിൽ ചുണ്ടയിട്ട് മത്സ്യം പിടിക്കുന്നതാണ് ഉപജീവന മാർഗം. ബാക്കി സമയം കണ്ടലിനായി കരുതുകയാണ് 62 കാരനായ രാജൻ.
തന്റെ വീട്ടുമുറ്റത്തെ പരിമിത സ്ഥലത്ത് 2500ലേറെ കണ്ണാംപൊട്ടി കണ്ടലിന്റെ വിത്തുകൾ മുളപ്പിച്ചെടുത്തിട്ടുണ്ട് ഇയാൾ. പാകമായ വിത്തുകൾ ശേഖരിച്ച് മുളിപ്പിച്ചെടുത്ത കണ്ടൽ ചെടികൾക്ക് ഒരു മാസത്തിലേറെ പ്രായമുണ്ട്. സർക്കാർ അധീനതയിലുള്ള പുഴയുടെ തീരങ്ങൾ ലക്ഷ്യമിട്ടാണ് രാജൻ കണ്ടൽ തൈകൾ മുളപ്പിച്ചെടുത്തത്. പുഴയോരങ്ങളുടെ ഗണ്യമായ ഭാഗം സ്വകാര്യ വ്യക്തികളുടെ അധീനതയിലിരിക്കെ സർക്കാർ പുറമ്പോക്കായ പുഴയോരങൾ തേടുകയാണ് രാജൻ. താവത്തെ സ്വന്തം വീടിനടുത്ത പുഴയോര മേഖലകളിൽ വർഷങ്ങൾക്കുമുമ്പ് രാജൻ വളർത്തിയെടുത്ത കണ്ടലുകൾ വനമേഖലകൾക്കു തുല്യമായി വളർന്നുപടർന്നിട്ടുണ്ട്.
കടുത്ത സാമ്പത്തിക പരാധീനതയിൽ അഞ്ചാം തരത്തിൽ പഠനം മുടങ്ങിയ രാജൻ പിതാവിനോടൊപ്പം 15ാം വയസ്സു മുതൽ തോണിയിൽ പുഴയിൽ മസ്യബന്ധന തൊഴിലിൽ ഏർപ്പെട്ടിരുന്നു. മത്സ്യബന്ധനത്തിനിടയിൽ പുഴയോരങ്ങളിൽ വളർന്നു നിൽക്കുന്ന കണ്ടൽക്കാടുകളുടെ പച്ചപ്പിൽ ആകൃഷ്ടനായാണ് കണ്ടൽക്കാടുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. കണ്ടലിനോടുള്ള താൽപര്യം വളർന്നതോടെ കണ്ടൽ ചെടികളെ സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങി.
തീരദേശ പരിസ്ഥിതിയുടെ സംരക്ഷണത്തിൽ കണ്ടൽക്കാടുകൾക്ക് പ്രധാന പങ്കുണ്ടെന്നും കണ്ടൽക്കാടുകൾ നിരവധി മത്സ്യങ്ങൾ, ഞണ്ടുകൾ, ചെമ്മീൻ, പക്ഷികൾ തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രവും പ്രജനനസ്ഥലവുമാണെന്ന് തിരിച്ചറിഞ്ഞതോടെ കണ്ടലുകൾ നട്ടു പിടിപ്പിക്കുന്നതിൽ രാജൻ ശ്രദ്ധ കേന്ദ്രീകരിച്ചു.
ചെറുകണ്ടൽ, ഉപ്പുകണ്ടൽ, ചുള്ളിക്കണ്ടൽ, പൂക്കണ്ടൽ, നക്ഷത്ര കണ്ടൽ, കണ്ണാം പൊട്ടി, ചക്കരക്കണ്ടൽ തുടങ്ങി ഏതാണ്ടെല്ലാ തരം കണ്ടലുകളും ജില്ലയുടെ വിവിധ മേഖലകളിലുണ്ടെങ്കിലും കണ്ണാംപൊട്ടി, നക്ഷത്ര കണ്ടൽ എന്നിവയുടെ വിത്തുകളാണ് രാജൻ ശേഖരിച്ചു മുളപ്പിച്ചെടുത്തത്. കണ്ടലിനെ കുറിച്ചറിയാൻ നിരവധി വിദ്യാർഥികൾ രാജന്റെ സഹായം തേടിയെത്താറുണ്ട്.
കണ്ടൽ സംരക്ഷിക്കുന്നവർക്കുള്ള സാമ്പത്തിക സഹായം, നശിച്ചു പോയ കണ്ടൽ പ്രദേശങ്ങളിൽ പുനരുജ്ജീവനവും നട്ടുപിടിപ്പിക്കലും, കണ്ടൽ പ്രദേശങ്ങളിൽ സർക്കാർ ഭൂമി ഏറ്റെടുത്ത് സംരക്ഷിത വനമേഖലയാക്കുന്നതിനുള്ള പദ്ധതികൾ എന്നിങ്ങനെ കണ്ടൽ സംരക്ഷണത്തിനു വിവിധ പദ്ധതികളും ധനസഹായ സംരംഭങ്ങളുമുണ്ടെങ്കിലും സോഷ്യൽ ഫോറസ്ട്രിയിൽനിന്നോ അനുബന്ധ സർക്കാർ സംവിധാനങ്ങളിൽനിന്നോ ഒരു പ്രോൽസാഹനവും ലഭിച്ചിട്ടില്ലെന്ന് പാറയിൽ രാജൻ പറയുന്നു.
അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്ത് കാർബൺ സംഭരിക്കുന്നതിനാൽ കാലാവസ്ഥ വ്യതിയാനം കുറയ്ക്കാനും കണ്ടൽക്കാടുകൾ സഹായിക്കുന്നു. ജലത്തിലെ മലിനീകരണ ഘടകങ്ങളെ ഒരു പരിധിവരെ ആഗിരണം ചെയ്ത് ജലത്തിന്റെ ഗുണനിലവാരം നിലനിർത്താനും കഴിയുന്ന കണ്ടൽക്കാടുകൾ തീരസംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും കാലാവസ്ഥ സന്തുലിതാവസ്ഥയുടെയും മുഖ്യ ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.