വിജേഷ്
കണ്ണൂർ: അംഗൻവാടിയിൽ രാത്രി അതിക്രമിച്ചുകയറി കഞ്ഞിവെച്ച് കുടിച്ച് പൊലീസിനും കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ കള്ളൻ പിടിയിൽ. താവക്കര വെസ്റ്റ് അംഗൻവാടിയിലെ 'സ്ഥിരം കള്ളൻ' മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷാണ് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്.
കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ കോളജ് ഓഫ് കോമേഴ്സിന് സമീപം ഹോൾസെയിൽ ജെന്റ്സ് ഷോറൂമിൽ കയറി പണവും വസ്ത്രങ്ങളും മോഷ്ടിച്ചതടക്കം 25 കേസുകളിൽ പ്രതിയാണ്. മൂന്നുതവണയാണ് പ്രതി താവക്കര അംഗൻവാടിയിൽ അതിക്രമിച്ചുകയറി കഞ്ഞിവെച്ചു കുടിച്ചതും മുട്ടയും പാലും റവയും പാകം ചെയ്ത് കഴിച്ചതും.
ഫോറൻസിക് ശേഖരിച്ച വിരലടയാളം പരിശോധിച്ചപ്പോഴാണ് വിജേഷിലേക്ക് അന്വേഷണമെത്തിയത്. കഴിഞ്ഞദിവസം അംഗൻവാടിയിൽ കയറിയ പ്രതി ജനൽ കമ്പികളും ടൈലും തകർത്തിരുന്നു. അരിയും പയറും പൂട്ടിവെച്ചതിനാലാണ് അതിക്രമം കാട്ടിയതെന്നും വിശപ്പടക്കാൻ മറ്റ് വഴിയില്ലാതായതോടെയാണ് അംഗൻവാടിയിൽ കയറിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
അടുക്കള ഭാഗത്തെ സീലിങ് വഴിയാണ് മോഷ്ടാവ് സ്ഥിരമായി അകത്തുകടന്നിരുന്നത്. ഭക്ഷണം കഴിച്ചശേഷം മേശയിൽ പുതപ്പുവിരിച്ച് ഉറങ്ങുന്നതും പതിവായിരുന്നു. വാട്ടർ പ്യൂരിഫയറിന്റെയും വാഷ്ബേസുകളുടെയും പൈപ്പുകൾ തകർത്തശേഷം എടുത്തുകൊണ്ടുപോയിരുന്നു.
സെപ്റ്റംബർ 12ന് ഓണാവധി കഴിഞ്ഞശേഷം അംഗൻവാടി തുറന്നപ്പോഴാണ് കള്ളൻകയറിയത് ആദ്യമായി ശ്രദ്ധയിൽപെട്ടത്. അന്ന് കള്ളൻ കയറി നശിപ്പിച്ചതിനാൽ 20 കിലോയോളം അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും കളയേണ്ടിവന്നു.
ഒക്ടോബർ ആറിനും വിജേഷ് അംഗൻവാടിയിലെത്തി അലമാരയിലെ സാധനങ്ങൾ വലിച്ചുവാരിയിട്ട് കഞ്ഞിയും ഓംലെറ്റും കഴിച്ച് മടങ്ങി. കഴിഞ്ഞ ദിവസം വീണ്ടും കള്ളൻ കയറിയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.