പ്രതീകാത്മക ചിത്രം
തലശ്ശേരി: യുവതിയെ മുഖത്തും ദേഹത്തും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും 75,000 രൂപ പിഴയും. കണ്ടംകുന്ന് ലക്ഷംവീട് ഉന്നതിയിൽ കോമത്തുവളപ്പിൽ കെ. രതിയെ (46) ആസിഡ് ഒഴിച്ചു പരിക്കേൽപിച്ച കേസിൽ ബത്തേരി മീനാച്ചിയിലെ എ.കെ. മുസ്തഫയെയാണ് (66) അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. വ്യത്യസ്ത വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്.
2018 മേയ് 29ന് പുലർച്ചെ നാലുമണിയോടെയാണ് കേസിനാധാരമായ സംഭവം. പാചകത്തൊഴിലാളിയാണ് രതി. ഒപ്പം ജോലി ചെയ്യുന്നയാളാണ് മുസ്തഫ. ജോലിയുണ്ടെന്ന് പറഞ്ഞു സ്കൂട്ടറിൽ രതിയെ വിളിക്കാനെത്തിയ മുസ്തഫ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം 7000 രൂപയും രേഖകളുമടങ്ങിയ ബാഗ് തട്ടിയെടുത്തു സ്കൂട്ടറിൽ കടന്നുകളഞ്ഞെന്നാണ് കേസ്.
ഗുരുതരമായി പൊള്ളലേറ്റ രതി അടുത്ത വീട്ടിലെത്തി വിവരമറിയിച്ചതിനെത്തുടർന്ന് വീട്ടുകാർ കൂത്തുപറമ്പ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. അന്നത്തെ കൂത്തുപറമ്പ് സി.ഐ ജോഷി ജോസ് അന്വേഷിച്ച കേസിൽ സി.ഐ ബി. രാജേന്ദ്രനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.