അ​രു​ൺ കു​മാ​ർ, സ​ന്ദീ​പ്

തലശ്ശേരി ഇരട്ടക്കൊല: രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തലശ്ശേരി: ഇരട്ടക്കൊലപാതകക്കേസിൽ റിമാൻഡിലുള്ള പ്രതികൾ നൽകിയ ജാമ്യഹരജി ജില്ല സെഷൻസ്‌ ജഡ്‌ജി ജി. ഗിരീഷ്‌ തള്ളി. വടക്കുമ്പാട്‌ പാറക്കെട്ടിലെ തേരേക്കാട്ടിൽ ഹൗസിൽ അരുൺകുമാർ, പിണറായി പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ്‌ എന്നിവരുടെ ജാമ്യഹരജിയാണ്‌ രണ്ടാം തവണയും തള്ളിയത്‌. നിഷ്‌ഠൂരമായ ഇരട്ടക്കൊലപാതക ഗൂഢാലോചനയിലെ പങ്കാളികളാണ്‌ പ്രതികളെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂട്ടർ കെ. അജിത്‌കുമാറിന്റെ വാദം അംഗീകരിച്ചാണ്‌ നടപടി.

ലഹരിമാഫിയയെ ചോദ്യം ചെയ്‌തതിന്റെ വൈരാഗ്യത്തിൽ നെട്ടൂർ ഇല്ലിക്കുന്ന്‌ ത്രിവർണ ഹൗസിൽ കെ. ഖാലിദ്, സഹോദരീഭർത്താവും സി.പി.എം നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീർ എന്നിവരെയാണ് കുത്തിക്കൊന്നത്‌. നവംബർ 23ന്‌ വൈകീട്ട്‌ വീനസ് കവലയിലെ സഹകരണ ആശുപത്രിക്ക്‌ മുന്നിലാണ് സംഭവം. നിട്ടൂർ ചിറക്കക്കാവ് വെള്ളാടത്ത്‌ ഹൗസിൽ സുരേഷ്‌ബാബു എന്ന പാറായി ബാബുവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ്‌ രണ്ടു പേരെയും വധിച്ചത്‌. പ്രതികൾ എല്ലാവരും റിമാൻഡിലാണ്‌.

ലഹരിസംഘത്തെ ചോദ്യം ചെയ്‌തതിന്‌ ഷമീറിന്റെ മകനും ഡി.വൈ.എഫ്‌.ഐ യൂനിറ്റ്‌ സെക്രട്ടറിയുമായ ഷബീലിനെ (20) നെട്ടൂർ ചിറക്കക്കാവിനടുത്ത് ആക്രമിച്ചിരുന്നു. പരിക്കേറ്റ മകനെ കാണാൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിയ ഷമീറിനെയും ഭാര്യാസഹോദരൻ കെ. ഖാലിദിനെയും റോഡിലേക്ക്‌ വിളിച്ചിറക്കിയാണ്‌ കുത്തിക്കൊന്നത്‌. നിട്ടൂർ സാറാസിൽ ഷാനിബിനും പരിക്കേറ്റിരുന്നു.

ലഹരിവിൽപന സംഘാംഗമായ നെട്ടൂർ ചിറക്കക്കാവിനു സമീപം മുട്ടങ്കൽ വീട്ടിൽ ജാക്സൺ വിൻസന്റ് (28), ആർ.എസ്‌.എസ് പ്രവർത്തകൻ നിട്ടൂർ വണ്ണത്താൻ വീട്ടിൽ കെ. നവീൻ (32), വടക്കുമ്പാട് പാറക്കെട്ട്‌ സുഹറാസിൽ മുഹമ്മദ് ഫർഹാൻ (29), പിണറായി പടന്നക്കരയിലെ വാഴയിൽ വീട്ടിൽ സുജിത്‌കുമാർ (45) എന്നിവരാണ്‌ കേസിലെ മറ്റു പ്രതികൾ.

Tags:    
News Summary - Thalasseri double murder: Bail application of two accused rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.