"വിദ്യാമൃതം"ഇനി മലബാറിലും; മമ്മൂട്ടിയുടെ സ്മാർട്ട്‌ ഫോൺ വിതരണ പദ്ധതി ഉദ്​ഘാടനം ചെയ്​തു

തലശ്ശേരി :നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള സ്മാർട്ട്‌ ഫോൺ വിതരണം ചെയ്യുന്ന മമ്മുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന "വിദ്യാമൃതം" പദ്ധതിയുടെ മലബാർ മേഖലാതലവിതരണ ഉദ്​ഘാടനം കത്തോലിക്കാ സഭയുടെ തലശ്ശേരി രൂപതാ അധ്യക്ഷൻ മാർ ജോർജ് ഞെരളക്കാട്ട് നിർവഹിച്ചു.തലശ്ശേരി രൂപതാ സഹായ മെത്രാൻ മാർ ജോസഫ് പാമ്പ്ലാനിയുടെയും അതിരൂപതാ മുൻ അധ്യക്ഷൻ മാർ ജോർജ് വലിയമറ്റത്തിന്‍റെയും സാന്നിധ്യത്തിലായിരുന്നു ഉദ്​ഘാടന ചടങ്ങ്​. .ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി "വിദ്യാമൃതം " എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതി പ്രഖ്യാപിച്ചത് മുതൽ ലഭിച്ച ഏഴായിരം അപേക്ഷകളിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികൾക്കാണ് സഹായം ലഭ്യമാക്കുന്നത്.

അനാഥാലയങ്ങളിൽ നിന്നുള്ള കുട്ടികൾ, മാതാപിതാക്കൾ നഷ്​ടപ്പെട്ട കുട്ടികൾ, സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള അപേക്ഷകൾ എന്ന മുൻഗണന ക്രമത്തിൽ ആണ് ഗുണഭോക്​താക്കളെ തെരഞ്ഞെടുക്കുന്നത്. വീടുകളിൽ ഉപയോഗിക്കാതെ ഇരിക്കുന്ന സ്​മാർട്ട്​ഫോണുകൾ പദ്ധതിക്കായി നൽകണമെന്ന്​ മമ്മുട്ടി സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു. തുടർന്ന്​ നിരവധി പേർ പുതിയ മൊബൈൽ ഫോണുകൾ തന്നെ നൽകാൻ സന്നദ്ധതയറിയിച്ച്​ രംഗത്തെത്തിയിരുന്നു. ആദ്യ ദിവസങ്ങളിൽ തന്നെ ആയിരത്തോളം പുതിയ സ്മാർട്ട്‌ ഫോണുകൾ പദ്ധതിക്കായി ലഭിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലേക്കുള്ള വിതരണം ആണ് തലശ്ശേരിയിൽ ആരംഭിച്ചത്. കോഴിക്കോട് ബേപ്പൂർ സർക്കാർ സ്കൂൾ പ്രധാന അധ്യാപിക സി.പി രമ കുട്ടികൾക്ക് വേണ്ടി ആദ്യ ഫോൺ ഏറ്റു വാങ്ങി.

കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്റ്റർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫാ ജോൺ കൂവപ്പാറയിൽ, മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്‍റർനാഷണൽ സംസ്ഥാന ഭാരവാഹികൾ ആയ മുഹമ്മദ്‌ റിസ്വാൻ, അഫ്സൽ കോഴിക്കോട്, സുന്ദരൻ മണികണ്ഠൻ വയനാട്, അൻഷാദ് തുടങ്ങിയവർ പങ്കെടുത്തു

Tags:    
News Summary - Smart phone distribution Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.