പെരിങ്ങാടി റെയിൽ ഗേറ്റ് തുറക്കുന്നതും കാത്തു നിൽക്കുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ

പെരിങ്ങാടി റെയിൽവേ മേൽപാലം: ശക്തമായ ഇടപെടൽ നടത്തുമെന്ന് കർമസമിതി

പെരിങ്ങാടി: മാസങ്ങൾക്കകം മാഹി ബൈപാസ് യാഥാർഥ്യമാവുന്നതോടെ ഗതാഗതക്കുരുക്കിലമരുന്ന താഴെ ചൊക്ലി - മാഹിപ്പാലം റോഡിൽ പെരിങ്ങാടി റെയിൽവേ ഗേറ്റിന് മേൽപാലം വേണമെന്ന ആവശ്യം ശക്തമാവുന്നു. നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പെരിങ്ങാടി റെയിൽ ഗേറ്റിൽ യാത്രക്കാർ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവിക്കുന്നത്.

മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് ഒരു കിലോമീറ്റർ ദൂരത്തിലാണ് ഗേറ്റ്. ചിലപ്പോൾ ചരക്കുവണ്ടി അടക്കം രണ്ടും മൂന്നും തീവണ്ടികൾ കടന്ന് പോകുന്നത് വരെ 20 മിനിറ്റിലേറെ ഗേറ്റിൽ വാഹനങ്ങൾ കുരുക്കിൽപെടുകയാണ്. അതിവേഗം ചികിത്സ ലഭിക്കേണ്ട രോഗികളുമായി വരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിലുള്ളവരും കുരുക്കിൽപെട്ട് ദുരിതമനുഭവിക്കുകയാണ്.

തലശ്ശേരി -മാഹി ബൈപാസ്‌ യാഥാർഥ്യമാകുമ്പോൾ ഇതുവഴി പോകുന്ന വാഹനങ്ങളുടെ എണ്ണം അനിയന്ത്രിതമാം വിധം വർധിക്കും. ദേശീയപാത ബൈപാസിൽ നിന്ന്‌ മാഹിയിലേക്കും നിർദിഷ്‌ട മയ്യഴിപ്പുഴ ടൂറിസം കേന്ദ്രത്തിലേക്കും വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകേണ്ടത്. കുടക്‌, വയനാട്‌ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിൽനിന്ന് മാഹിയിലേക്കുള്ള പ്രധാനപാതയാണ് പെരിങ്ങാടി - മാഹി റോഡ്. ഇവിടെ മേൽപാലം നിർമിക്കണമെന്ന ആവശ്യത്തിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌.

നിലവിലുള്ള ഗേറ്റിന് മുകളിൽ കൂടി തൂൺ നിർമിച്ച് മേൽപാലത്തിനുള്ള സാധ്യതയും പരിശോധിക്കണമെന്നും നിർദേശമുണ്ട്. വീടുകൾ അക്വയർ ചെയ്യുന്നത് ഒഴിവാക്കാൻ കഴിയും. ഗേറ്റിന്റെ മാഹി ഭാഗത്തുള്ള ചെറിയ വളവുകൾ തടസ്സമാകുന്നത് പരിഹരിക്കണം. അടിപ്പാത പ്രായോഗികമല്ലെന്നാണ് കമ്മിറ്റിയുടെയും നാട്ടുകാരുടെയും വിലയിരുത്തൽ. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിലെത്തിച്ച് ശക്തമായ ഇടപെടൽ നടത്തി പരിഹാരം കാണുന്നതിന് ഏഴിന് രാവിലെ 10 ന് പെരിങ്ങാടി റെയിൽ ഗേറ്റിന് സമീപം കർമസമിതി യോഗം ചേരും. യോഗത്തിൽ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക-സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുക്കും. പി.പി. ഫൈസൽ (ചെയർ.), സുധീർ കേളോത്ത് (ജന. കൺ.), ലിബാസ് മങ്ങാട് (വർക്കിങ് ചെയർ.), പഞ്ചായത്ത് അംഗം ടി.എച്ച്. അസ്ലം (ട്രഷ.) എന്നിവരുടെ നേതൃത്വത്തിലാണ് കർമസമിതി പ്രവർത്തിക്കുന്നത്.


Tags:    
News Summary - Peringadi railway overbridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.