തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പൊലീസ് എയ്ഡ് പോസ്റ്റ്

വൈദ്യുതി കണക്ഷനില്ല; എയ്ഡ്‌ പോസ്റ്റിൽ പൊലീസുകാർക്ക് ദുരിതം

തലശ്ശേരി: മണിക്കൂറുകൾ നീളുന്ന ട്രെയിൻയാത്ര കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെ സഹായിക്കാനുള്ളതാണ് റെയിൽവേ സ്റ്റേഷനുപുറത്തെ എയ്ഡ് പോസ്റ്റിലുളള പൊലീസുകാർ. എന്നാൽ, തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ജോലി മനംമടുപ്പിക്കുന്ന അവസ്ഥയായി മാറുന്നു. രാവിലെ മുതൽ രാത്രി വൈകുംവരെ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർ വൈദ്യുതിയില്ലാതെ വിയർത്തൊലിക്കുകയാണ് ഇവിടെ. പോരാത്തതിന് കൊതുകുകടി വേറെയും.

തലശ്ശേരി റോട്ടറി നിർമിച്ചു നൽകിയതാണ് ഇവിടെയുള്ള എയ്ഡ് പോസ്റ്റ്. വൈദ്യുതി കണക്ഷൻ നേരത്തെയുണ്ടായിരുന്നു. കോവിഡ് മഹാമാരിക്കിടയിൽ എയ്ഡ്‌ പോസ്റ്റ് ഏറെക്കാലം പൂട്ടിയിട്ടതിനാൽ കണക്ഷൻ വിച്ഛേദിക്കപ്പെട്ടു. ഇപ്പോൾ ഫാനും വെളിച്ചവുമില്ലാത്തതിനാൽ നേരാംവണ്ണം ജോലി ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ് പൊലീസുകാർ. വെയിലിന് തീക്ഷ്ണത കൂടുമ്പോൾ വളരെ ഇടുങ്ങിയ എയ്ഡ്‌ പോസ്റ്റിലിരുന്ന് വിയർക്കുകയാണ്. രാത്രിയാകുമ്പോൾ കൊതുകുകടി രൂക്ഷമാണെന്ന് ഇവിടെ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർ പറയുന്നു.

എയ്ഡ്‌ പോസ്റ്റിൽ വൈദ്യുതി കണക്ഷൻ നൽകാൻ റെയിൽവേ തയാറാകുന്നില്ലെന്നാണ് പൊലീസുകാരുടെ അനുഭവം. വൈദ്യുതി കണക്ഷൻ നൽകണമെന്നാവശ്യപ്പെട്ട് പലതവണ റെയിൽവേ അധികാരികൾക്ക് കത്ത് നൽകിയതായി റോട്ടറി സംഘാടകനായ സുഹാസ് വേലാണ്ടി പറഞ്ഞു. ഇക്കാര്യം പാലക്കാട് റെയിൽവേ ഡിവിഷനിൽ അറിയിച്ചിട്ടുണ്ടെന്ന് തലശ്ശേരി റെയിൽവേ സ്റ്റേഷൻ അധികൃതർ പറഞ്ഞു. എയ്ഡ് പോസ്റ്റിൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് പൊലീസ് വകുപ്പോ സർക്കാറോ പണമടക്കണമെന്ന നിലപാടിലാണ് റെയിൽവേ അധികാരികൾ.


Tags:    
News Summary - No power connection at police aid post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.