ന​ട​മ്മ​ൽ രാ​ജ​ൻ

സി.പി.എമ്മിലും അവഗണന; കുട്ടിമാക്കൂൽ രാജൻ പാർട്ടി വിട്ടു

തലശ്ശേരി: കോൺഗ്രസിൽ നിന്നും പിണങ്ങി വർഷങ്ങൾക്കുമുമ്പ് സി.പി.എമ്മിലേക്ക് ചേക്കേറിയ കുട്ടിമാക്കൂലിലെ നടമ്മൽ രാജൻ പാർട്ടി അവഗണിക്കുകയാണെന്ന് തോന്നിയപ്പോൾ ഒടുവിൽ രാജിക്ക് സന്നദ്ധനായി. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് രാജനെ പാർട്ടിയിൽ സ്വീകരിച്ചത്. കടുത്ത കോൺഗ്രസ് പ്രവർത്തകനായ രാജനും കുടുംബവും സി.പി.എമ്മുമായി ഏറ്റുമുട്ടിയ സംഭവം ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് സംഭവം.

ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നാരോപിച്ച് കുട്ടിമാക്കൂലിലെ സി.പി.എം ഓഫിസിൽ കടന്നുകയറി അകത്തുണ്ടായിരുന്ന പ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന സംഭവമാണ് വിവാദമായത്. പാർട്ടി പ്രവർത്തകരുടെ പരാതിയെ തുടർന്ന് രാജന്റെ രണ്ട് പെൺമക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതിൽ ഒരു മകളെ കുട്ടിയോടൊപ്പം റിമാൻഡ് ചെയ്ത് ജയിലിലടച്ചതിൽ വൻ പ്രതിഷേധമുണ്ടായി. അന്ന് തലശ്ശേരിയിലുണ്ടായിരുന്ന അന്നത്തെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്റെ നേതൃത്വത്തിൽ തലശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതും ദേശീയതലത്തിൽ വിമർശന വിധേയമായി.

പിന്നീടാണ് രാജൻ സി.പി.എമ്മിലെത്തിയത്. സവർണ മേധാവിത്വമുണ്ടെന്ന് ആരോപിച്ച് അഞ്ചുവർഷം മുമ്പ് കോൺഗ്രസുമായി ഇടഞ്ഞ് സി.പി.എമ്മിൽ ചേർന്ന രാജൻ നേതാക്കൾ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് സി.പി.എമ്മിൽനിന്ന് രാജിവെച്ചത്. നേതാക്കളുടെ ഇടപെടൽ കാരണം പല പ്രശ്നങ്ങളിലും പൊലീസിൽനിന്നുപോലും നീതി കിട്ടുന്നില്ലെന്നും രാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തലശ്ശേരി നഗരസഭ മുൻ കണ്ടിൻജന്റ് തൊഴിലാളിയായ രാജൻ മുനിസിപ്പൽ വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

പാർട്ടിയിൽ ചേരുമ്പോൾ തനിക്കെതിരെയുള്ള കേസുകളെല്ലാം പിൻവലിക്കാമെന്ന ഒത്തുതീർപ്പ് വ്യവസ്ഥകളും സി.പി.എം നേതാക്കൾ പാലിച്ചില്ല. ഇനി ഈ പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്നും രാജൻ അറിയിച്ചു. അതേസമയം രാജന്‍റെ മകൾ എം.കെ. അഖിന തലശ്ശേരി നഗരസഭ തെരഞ്ഞെടുപ്പിൽ ഊരാങ്കോട് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സര രംഗത്തുണ്ട്. തിരികെ കോൺഗ്രസിലേക്കാണോ പോകുന്നതെന്ന ചോദ്യത്തിന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു രാജന്‍റെ പ്രതികരണം.

Tags:    
News Summary - Neglect in CPM too; Kuttimakul Rajan leaves the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.