തലശ്ശേരി എം.ജി റോഡ് നടപ്പാതയിൽ വഴിയോര കച്ചവടം വീണ്ടും ആരംഭിച്ചപ്പോൾ
തലശ്ശേരി: നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡിൽനിന്ന് നഗരസഭ ഒഴിപ്പിച്ച വഴിയോര കച്ചവടക്കാർ തിങ്കളാഴ്ച രാവിലെ സാധനങ്ങളുമായെത്തി കച്ചവടം ആരംഭിച്ചു. ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഐ.എൻ.ടി.യു.സി നേതാക്കളുടെ സാന്നിധ്യത്തിൽ വഴിയോര കച്ചവടക്കാർ യഥാസ്ഥാനത്ത് കച്ചവടം വീണ്ടും ആരംഭിച്ചത്. എം.ജി റോഡിൽ പഴയ പെട്രോൾ പമ്പിന് മുന്നിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തിയിരുന്ന ഏഴോളം കച്ചവടക്കാരെയാണ് നഗരസഭ കഴിഞ്ഞ ഒക്ടോബറിൽ ഒഴിപ്പിച്ചത്.
പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് കച്ചവടത്തിന് നഗരസഭ ബദൽ സംവിധാനമൊരുക്കിയെങ്കിലും കച്ചവടക്കാരിൽ ചിലർ അതിന് തയാറായില്ല. ഒഴിപ്പിച്ച സ്ഥലത്ത് കച്ചവടം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കച്ചവടക്കാർക്ക് അനുകൂലമായിരുന്നു വിധി. ഒഴിപ്പിക്കപ്പെട്ട ഏഴോളം വഴിയോരക്കച്ചവടം യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നാണ് കോടതി ഉത്തരവ്.
ഇതിനാവശ്യമായ എല്ലാവിധ സംരക്ഷണവും നല്‍കണമെന്ന് തലശ്ശേരി പൊലീസിനും കോടതി നിർദേശം നല്‍കിയിരുന്നു. നഗരസഭ കൈക്കൊണ്ട നടപടി നിയമ വിരുദ്ധമാണെന്നും ഉപജീവനം മുടക്കിയതിന് നഷ്ടപരിഹാരം നൽകാനും കണ്ടുകെട്ടിയ ഉന്തുവണ്ടികളും കണ്ടെടുത്ത സാധനങ്ങളും തിരികെ നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബർ 24ന് പുലർച്ചയാണ് നഗരസഭ അധികൃതർ പൊലീസിന്റെ സഹായത്തോടെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചത്. 2014ലെ വഴിയോരക്കച്ചവട ഉപജീവന നിയന്ത്രണ സംരക്ഷണ നിയമമനുസരിച്ച് ലൈസന്‍സോടുകൂടി ദശാബ്ദങ്ങളോളം വഴിയോരക്കച്ചവടം നടത്തിവരുന്നവരെ നിയമാനുസൃതമായ നടപടികളൊന്നും പാലിക്കാതെ ഒഴിപ്പിച്ചുവെന്ന് കാട്ടി ഐ.എന്‍.ടി.യു.സി നേതാവും വഴിയോരക്കച്ചവടക്കാരനുമായ എം. നസീര്‍, കെ. റഷീദ്, എം. സുമേഷ്, എം. അലി, എ.കെ. അലി, വി.കെ.വി. അഹമ്മദ്, ഒ.എം. അലി എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്.
കച്ചവടം പുനരാരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പി. ജനാർദനന്‍ നിര്‍വഹിച്ചു. എം. നസീര്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ നേതാക്കളായ കെ.എസ്. ശ്രീനിവാസന്‍, സി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കച്ചവടം തുടങ്ങിയ നടപടിയിൽ നഗരസഭ തിങ്കളാഴ്ച ഇടപെട്ടില്ല. നവീകരണം നടത്തിയ നടപ്പാതയിൽ വീണ്ടും കച്ചവടമാരംഭിച്ചവർക്കതിരെ നോട്ടീസ് നൽകാനാണ് നഗരസഭയുടെ അടുത്തനീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.