തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാൻ യു.ഡി.എഫ് സ്ഥാനാർഥികളായി ദമ്പതിമാർ.എരഞ്ഞോളി മഠത്തുംഭാഗം നാലാംകണ്ടത്തിൽ വീട്ടിൽ കെ.പി. മനോജ് കുമാർ -പി. റോജ ദമ്പതിമാരും വടക്കുമ്പാട് കൂളിബസാർ തഹാനിയാസിൽ ലത്തീഫ് കുളമുള്ളതിൽ-കെ. റംല ദമ്പതിമാരുമാണ് തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്.കോൺഗ്രസ്-ലീഗ് സ്ഥാനാർഥികളാണ് രണ്ട് കുടുംബവും. 15ാം നമ്പർ മഠത്തുംഭാഗം വാർഡിൽ കെ.പി. മനോജ് കുമാർ ജനവിധി തേടുമ്പോൾ ഒമ്പതാം നമ്പർ കപ്പരട്ടി വാർഡിലാണ് മനോജ് കുമാറിന്റെ ഭാര്യ പി. റോജയുടെ അങ്കം.കൊളശ്ശേരിയിൽ ഓട്ടോ ഡ്രൈവറായി ജോലി നോക്കുന്ന മനോജ് കുമാർ ആദ്യമായാണ് മത്സരിക്കുന്നത്. എരഞ്ഞോളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റാണ്.
കെ.പി. മനോജ് കുമാർ-പി. റോജ,ലത്തീഫ് കുളമുള്ളതിൽ -കെ. റംല.
റോജ മത്സരരംഗത്ത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മഠത്തുംഭാഗം വാർഡിലാണ് റോജ മത്സരിച്ചത്. 18 വാർഡുകളുള്ള എരഞ്ഞോളി പഞ്ചായത്ത് ഇടതു മുന്നണിയുടെ ഉരുക്കു കോട്ടയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 16 വാർഡായിരുന്നു. രണ്ട് വാർഡുകൾ പുതുതായി വന്നതാണ്. യു.ഡി.എഫിൽനിന്ന് സുശീൽ ചന്ത്രോത്ത് മാത്രമാണ് കഴിഞ്ഞ തവണ ജയിച്ചത്.
മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളായ ലത്തീഫ് കുളമുള്ളതിലിനും ഭാര്യ റംലക്കും ഇത് കന്നി മത്സരമാണ്. രണ്ടാം നമ്പര്‍ കൂളി ബസാര്‍ വാര്‍ഡിലാണ് ലത്തീഫ് ജനവിധി തേടുന്നത്. റംല മത്സരിക്കുന്നത് നാലാം നമ്പര്‍ വടക്കുമ്പാട് ഹൈസ്കൂള്‍ വാര്‍ഡിലും. വാര്‍ഡിന്റെ വികസനവും പുരോഗതിയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്ഥാനാർഥികൾ പറയുന്നു.
എരഞ്ഞോളി പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറിയാണ് ലത്തീഫ്. മത്സ്യവ്യാപാരിയാണ്. ഭാര്യ റംല എരഞ്ഞോളി പഞ്ചായത്ത് വനിത ലീഗ് ട്രഷററാണ്. വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാനമായി വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ് രണ്ട് ദമ്പതിമാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.