തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡിലെ ടി.ബി ഷോപ്പിങ് പരിസരത്ത് മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം കവര്‍ന്ന കേസില്‍ പ്രധാന പ്രതി പിടിയില്‍. കണ്ണൂര്‍ വാരം വലിയന്നൂർ സ്വദേശി റുഖിയ മൻസിലിൽ അഫ്സലിനെയാണ് (27) തലശ്ശേരി പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിനുശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പണം തട്ടിയശേഷം തലശ്ശേരിയിൽ നിന്നും മുങ്ങിയ പ്രതിയുടെ മൊബൈല്‍ ഫോൺ ലൊക്കേഷൻ പിന്തുടര്‍ന്ന പൊലീസ് സംഘം വയനാട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്, സി.ഐ കെ. സനല്‍കുമാര്‍ എന്നിവർ പ്രതിയെ വിശദമായി ചോദ്യം ചെയ്തു.
നവംബർ 16നാണ് നഗരമധ്യത്തില്‍ കവര്‍ച്ച നടന്നത്. പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡിലെ സഹകരണ ബാങ്കില്‍ പണയം െവച്ചിരുന്ന സ്വര്‍ണാഭരണങ്ങളെടുക്കാനായി എത്തിയവരുടെ എട്ട് ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്.
സ്വര്‍ണമെടുക്കാനായി ധര്‍മടം സ്വദേശി റഹീസും തോട്ടുമ്മല്‍ സ്വദേശി മുഹമ്മദലിയും കണ്ണൂര്‍ സ്വദേശി നൂറു തങ്ങളുമാണ് തലശ്ശേരിയിലെത്തിയത്. ഇതിൽപെട്ട നൂറു തങ്ങളുടെ സഹായത്തോടെയാണ് കവർച്ച നടന്നത്. ചക്കരക്കല്ലിലെ ജ്വല്ലറിയില്‍നിന്നാണ് പണയാഭരണമെടുക്കാനുള്ള തുക ഇവര്‍ക്ക് നല്‍കിയത്.
ജ്വല്ലറി ജീവനക്കാരനും ഇവരോടൊപ്പമുണ്ടായിരുന്നു. മുഹമ്മദലിയെയും ജ്വല്ലറി ജീവനക്കാരനെയും കാറിലിരുത്തിയ ശേഷം റഹീസും നൂറു തങ്ങളും ഒന്നാം നിലയിലുള്ള ബാങ്കിലേക്ക് കോണിപ്പടി കയറവേ മറ്റ് രണ്ടുപേർക്കൊപ്പം നൂറു തങ്ങളും ചേര്‍ന്ന് റഹീസിെൻറ മുഖത്ത് മുളകുപൊടി വിതറി പണം കവര്‍ന്നുവെന്നാണ് പരാതി. കവര്‍ച്ച സംഘത്തിലെ പച്ച ഷര്‍ട്ടിട്ടയാള്‍ പോസ്റ്റ് ഓഫിസ് റോഡിലൂടെ പണക്കെട്ടും കൈയില്‍ പിടിച്ച് വേഗത്തില്‍ ഓടുന്നതിെൻറ ദൃശ്യങ്ങള്‍ സമീപമുള്ള കടയിലെ സി.സി.ടി.വിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു.
സംഭവത്തിൽ രണ്ട് പ്രതികൾ ഇനിയും പിടിയിലാവാനുണ്ട്. ഇവരിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലായതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.