Representational Image
വരുമോ.. ശ്രീകണ്ഠപുരം മുൻസിഫ് മജിസ്ട്രേറ്റ് കോടതി
ശ്രീകണ്ഠപുരം: തളിപ്പറമ്പ് കോടതിയുടെ പരിധിയിൽനിന്നും ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനെ മാറ്റിയതോടെ ശ്രീകണ്ഠപുരത്ത് മുൻസിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. വർഷങ്ങളായി ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അധികാര പരിധിയിലാണ് പ്രവർത്തിച്ചുവരുന്നത്. ശ്രീകണ്ഠപുരത്ത് നിന്ന് തളിപ്പറമ്പ് കോടതിയിൽ എത്തിച്ചേരുവാൻ 20 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. പുതിയ തീരുമാന പ്രകാരം ആളുകൾക്ക് 40 കിലോമീറ്റർ സഞ്ചരിച്ചുവേണം കണ്ണൂർ കോടതിയിൽ എത്താൻ.
ഈ മാസം 10നാണ് ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിലേക്ക് മാറ്റിയുള്ള ഹൈക്കോടതി ഉത്തരവ് വന്നത്. ഇതുപ്രകാരം ശ്രീകണ്ഠപുരം, കണ്ണപുരം,മയ്യിൽ സ്റ്റേഷനുകൾ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലേക്കും കണ്ണൂർ ടൗൺ, കണ്ണൂർ ട്രാഫിക് സ്റ്റേഷനുകൾ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലേക്കും കണ്ണൂർ സിറ്റി, വളപട്ടണം, കണ്ണൂർ റെയിൽവേ, ഇരിക്കൂർ സ്റ്റേഷനുകൾ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലേക്കുമാണ് മാറ്റിയത്. തളിപ്പറമ്പ് കോടതിയുടെ പരിധിയിൽ തളിപ്പറമ്പ്, ആലക്കോട്,
കുടിയാൻമല, പയ്യാവൂർ സ്റ്റേഷനുകളാണ് ഉള്ളത്. ഈ മാസം 20 മുതൽ ഉത്തരവ് പ്രബല്യത്തിൽ വന്നു. നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽ.എ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി വി.ജി. അരുണിന് കത്ത് നൽകിയിട്ടുണ്ട്. സി.പി.എം.ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും പ്രമേയമടങ്ങിയ നിവേദനവും കൈമാറിട്ടുണ്ട്. ശ്രീകണ്ഠപുരത്ത് ഒരു മുൻസിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ച് ശ്രീകണ്ഠപുരം, പയ്യാവൂർ, ഇരിക്കൂർ, ഉളിക്കൽ, കുടിയാന്മല, ആലക്കോട് പൊലീസ് സ്റ്റേഷനുകളെ ഈ കോടതിയുടെ പരിധിയിൽ കൊണ്ടുവന്നാൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. അതിന് സർക്കാരാണ് താത്പര്യമെടുക്കേണ്ടത്.
1981ൽ അനുവദിച്ച കോടതിയെവിടെ ?
ശ്രീകണ്ഠപുരത്ത് 1981ൽ മുൻസിഫ് - മജിസ്ട്രേറ്റ് കോടതി അനുവദിച്ചിരുന്നു. മുൻഗണനാക്രമം അനുസരിച്ച് കോടതി ആരംഭിക്കാമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. ഇതുപ്രകാരം 1981-ൽ പട്ടികയിൽ 21-ാം സ്ഥാനത്തായിരുന്നു ശ്രീകണ്ഠപുരം. എന്നാൽ 42 വർഷമായിട്ടും ഇപ്പോഴും പതിമൂന്നാം സ്ഥാനത്ത് നിന്ന് താഴേക്ക് നീങ്ങിയിട്ടില്ല. മുൻഗണന പട്ടിക മറികടന്ന് ദേവികുളത്തും കരുനാഗപ്പള്ളിയിലും കോടതികൾ ആരംഭിച്ചിട്ടും ശ്രീകണ്ഠപുരം തഴയപ്പെടുകയായിരുന്നു.
നഗരസഭയായതോടെ ശ്രീകണ്ഠപുരത്ത് അനുവദിക്കപ്പെട്ട ഗ്രാമീണ കോടതി ഇരിക്കൂർ പഞ്ചായത്തിലെ പെരുവളത്തുപറമ്പിലും സ്ഥാപിച്ചു. മലയോര പ്രദേശങ്ങൾ കോർത്തിണക്കി രൂപവത്കരിച്ച പൊലീസ് കണ്ണൂർ റൂറൽ ജില്ലയുടെ ആസ്ഥാനം റൂറൽ ജില്ലയുടെ മധ്യഭാഗം വരുന്ന ശ്രീകണ്ഠപുരത്താക്കണമെന്ന ആവശ്യവും ഉയരുന്നുന്നുണ്ട്.
ഇരിട്ടി മേഖല മുതൽ തളിപ്പറമ്പ് ,പയ്യന്നൂർ, ചെറുപുഴ, പെരിങ്ങോം, ആലക്കോട് പ്രദേശങ്ങളുടെയെല്ലാം കേന്ദ്രമായി ശ്രീകണ്ഠപുരത്ത് റൂറൽ ജില്ല പൊലീസ് ആസ്ഥാനം സ്ഥാപിക്കാവുന്നതാണ്.ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനോട് ചേർന്ന് ഏക്കറുകണക്കിന് സ്വന്തം ഭൂമിയും ഉണ്ട്. എന്നിട്ടും അധികൃതർ ഇത് ഗൗനിച്ചിട്ടില്ല. മുൻസിഫ് മജിസ്ട്രേറ്റ് കോടതി കൂടി ശ്രീകണ്ഠപുരത്ത് സ്ഥാപിച്ചാൽ ജനങ്ങൾക്ക് കണ്ണൂർവരെ സഞ്ചരിക്കാതെ തന്നെ കോടതി ആവശ്യങ്ങൾ നിറവേറ്റാനാകും. അഭിഭാഷകരും രാഷ്ട്രീയ സംഘടനകളുമെല്ലാം ആവശ്യമറിയിച്ച് സർക്കാരിനെ സമീപിച്ച സാഹചര്യത്തിൽ പ്രതീക്ഷയേറെയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.