ശ്രീകണ്ഠപുരം: എം.ഡി.എം.എ കടത്ത് സംഘത്തിലെ കണ്ണിയായ ബസ് ക്ലീനറെ എക്സൈസ് സംഘം പിടികൂടി. മയ്യില്‍ പാവന്നൂര്‍ പുല്ലാഞ്ഞിയോട് പുതിയപുരയില്‍ കുഞ്ഞിമൊയ്തീന്‍ (40) ആണ് പിടിയിലായത്. കണ്ണൂര്‍ ആശുപത്രി-മയ്യില്‍-പാവന്നൂര്‍കടവ് റൂട്ടിലെ ബസ് ക്ലീനറാണ്. പാവന്നൂര്കടവിലും സമീപപ്രദേശങ്ങളിലും കുഞ്ഞിമൊയ്തീന്‍ ഉള്‍പ്പെടെ സംഘം മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന രഹസ്യവിവരം കണ്ണൂര്‍ എക്സൈസ് ഇന്റലിജന്‍സ് ആൻഡ് ഇൻവെസ്റ്റിഗേഷന്‍ ബ്യൂറോയിലെ അസി. ഇന്‍സ്പെക്ടര്‍ കെ.പി. വിജയന് ലഭിച്ചിരുന്നു.
തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ വിജയന് പാടിക്കുന്നില്നിന്ന് ബൈക്കില്‍ ഈ ബസിനെ പിന്തുടര്ന്നു. പാവന്നൂരില്‍ ബൈക്ക് നിര്‍ത്തി അദേഹം ബസില്‍ കയറി ക്ലീനറുടെ സീറ്റിനരികെ ഇരുന്നു. സംശയം തോന്നിയ കുഞ്ഞിമൊയ്തീന്‍ പാവന്നൂര്കടവിന് മുമ്പത്തെ സ്റ്റോപ്പില്‍ ഇറങ്ങി ഓടി. ശ്രീകണ്ഠപുരം എക്സൈസ് സംഘവും സ്വകാര്യ കാറില്‍ വേഷംമാറി പിന്തുടരുന്നുണ്ടായിരുന്നു. ഇവരെ കൂടി കണ്ടതോടെ കുഞ്ഞിമൊയ്തീന്‍ സമീപത്തെ വീടിന്റെ മതില് ചാടി കടന്നു. പിന്നാലെയെത്തിയ എക്സൈസ് സംഘം കുഞ്ഞിമൊയ്തീനെ കീഴടക്കുകയായിരുന്നു. ഇയാളില്‍ നിന്ന് 300 മില്ലി ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.വി. ശ്രീകാന്ത്, എം. രമേശന്, പ്രിവന്റീവ് ഓഫിസര്‍ എം.എം. ഷഫീക്, കെ.പി. ഹംസക്കുട്ടി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.