ദേശീയപാത വികസനം: പയ്യന്നൂർ ബൈപ്പാസ് തുറന്നുകൊടുക്കുന്നു
പയ്യന്നൂർ: ദേശീയപാത 66 ൽ 3.62 കിലോമീറ്റർ ദൈർഘ്യമുള്ള പയ്യന്നൂർ ബൈപ്പാസ് തുറന്നു കൊടുക്കുകുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഒരുഭാഗം വാഹനയാത്രക്കും മറുഭാഗം പ്രവൃത്തി നടത്താനുമാണ് ആലോചന. ദേശീയപാത അതോറിറ്റിയുടെ മേൽ നോട്ടത്തിലായിരിക്കും ക്രമീകരണം നടത്തുക. കഴിഞ്ഞ പയ്യന്നൂർ താലൂക്ക് വികസനസമിതി യോഗത്തിൽ നിർമാണ ഏജൻസിയായ മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് കമ്പനി പ്രതിനിധി ഇക്കാര്യം അറി യിച്ചിരുന്നു. ഇതിന്‍റെ തുടർ നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ പറയുന്നു.
പാത തുറക്കുന്നതോടെ പെരുമ്പവഴിയുള്ള പഴയ ദേശീയപാതയിലെ രൂക്ഷമായ വാഹനത്തിരക്ക് കുറയും. പയ്യന്നൂർ നഗരത്തിന്‍റെ പ്രവേശന കവാടമായ പെരുമ്പ പാലത്തിന് ഇരുവശവുമുള്ള ഗതാഗതക്കുരുക്കും ഇതിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. വെള്ളൂർ വില്ലേജിലെ പുതിയങ്കാവിൽനിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ടാണ് ബൈപ്പാസ് അവ സാനിക്കുന്നത്. ബൈപ്പാസിൽ അഞ്ച് അടിപ്പാതകളുണ്ട്. 105 മീറ്ററുള്ളപാലവും പുതുതായി നിർമിച്ചിട്ടുണ്ട്. എന്നാൽ, പാലത്തിന് ഇരുവശവും 110 മീറ്റർ വീതം സ്ഥലത്ത് മണ്ണിട്ടുയർത്തി നിർമിച്ച ഭാഗം മാറ്റാൻ നിർദ്ദേശമുണ്ട്. സുരക്ഷയുടെ ഭാഗമായുള്ള പുതിയ രൂപരേഖ പ്രകാരം ഇവിടെ വയഡക്ട് (മേൽപ്പാലം) ആണ് നിർമിക്കേണ്ടത്. ഇത് പൂർത്തിയാകാൻ ഒരു വർഷമെങ്കിലും കാത്തിരിക്കണം. പഴയ ദേശീയപാതയിലെ നഗര റോഡുകളിലെ തിരക്ക് കുറക്കാനാണ് ബൈപ്പാസ് ഭാഗികമായി തുറന്നുകൊടുക്കുന്നത്.
അതേസമയം പെരുമ്പ ബൈപ്പാസ് പൂർത്തിയാക്കി പൂർണമായും തുറന്നു കൊടുക്കുന്നത് ഇനിയും നീളും. പെരുമ്പ പാലത്തിന്റെ ഇരുവശവും 110 മീറ്റർ വീതം വയഡക്ട് പുതുതായി നിർമിക്കേണ്ടതിനാലാണിത്. രൂപരേഖ തയാറാക്കിയ ശേഷമായിരിക്കും നിലവിലുള്ള മണ്ണ് മാറ്റി തൂണുകളിൽ നിർമാണം തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.