കണ്ണൂർ: ചിറക്കലിൽ പൊലീസുകാർക്കു നേരെ വെടിവെപ്പിനിടയാക്കിയ സംഭവത്തിനിടെ രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി പിടിയിൽ. അഭിഭാഷകനായ ചിറക്കൽ ചിറക്ക് സമീപത്തെ വില്ല ലയ്ക് റിട്രീറ്റിൽ റോഷൻ ജേക്കബ് ഉമ്മൻ (37) ആണ് ഏറണാകുളം എം.ജി റോഡിൽ വെച്ച് പിടിയിലായത്. വധശ്രമക്കേസിൽ ഒളിവിലായിരുന്ന റോഷനെ പിടികൂടാൻ നവംബർ മൂന്നിന് വീട്ടിലെത്തിയ പൊലീസിനു നേരെ റോഷന്റെ പിതാവ് ബാബു ഉമ്മൻ തോമസ് മൂന്ന് റൗണ്ട് വെടിവെച്ചിരുന്നു. ഒഴിഞ്ഞുമാറിയതിനാലാണ് പൊലീസുകാർ അപായമില്ലാതെ രക്ഷപ്പെട്ടത്. വെടിവെപ്പിനിടയിൽ റോഷൻ ഓടി രക്ഷപ്പെടുകയായിരുന്നു. ബാബു തോമസിനെ പൊലീസ് കീഴ്പ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്തു. പിന്നീട് ഇവരുടെ വീട് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.
ഒക്ടോബർ 22ന് ചിറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ബാലാജിയെയും സുഹൃത്തിനെയും പേപ്പർ കട്ടർ ഉപയോഗിച്ച് ആക്രമിക്കുകയും മുഖത്ത് ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്ത കേസിലാണ് റോഷൻ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഒരു മാസത്തിലേറെയായി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിലാകാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല.
പൊലീസ് നടത്തിയ കൃത്യമായ നീക്കങ്ങളാണ് ഇയാളെ വലയിലാക്കിയത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നിർദേശാനുസരണം എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ വളപട്ടണം എസ്.എച്ച്.ഒ എം.ടി. ജേക്കബ്, സബ് ഇൻസ്പെക്ടർ എ. നിതിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.