കണിച്ചാർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന റിസിലിയന്‍സ് സെന്റർ
കേളകം: ഉരുൾപൊട്ടൽ-മണ്ണൊലിപ്പ് ഭീതിയിലായ മലയോര ജനതക്ക് കാവലൊരുക്കി കണിച്ചാർ പഞ്ചായത്തിന്റെ അത്യാധുനിക റിസിലിയന്‍സ് സെന്ററും ലിവിങ് ലാബും. മഴയുടെ തീവ്രത തത്സമയമളന്ന്, മണ്ണിലെ അപകടകരമായ വ്യതിയാനങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് തത്സമയ സന്ദേശങ്ങളിലൂടെ മുന്നറിയിപ്പ് നൽകാൻ നിലവിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിന് സാധിക്കുന്നുണ്ട്. പ്രകൃതിക്ഷോഭങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാൻ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം വിജയകരമായി പ്രവർത്തിക്കുന്നത്.
ഇതിനോടനുബന്ധിച്ച് കണിച്ചാർ പഞ്ചായത്ത് മാടശ്ശേരി മലയിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നുണ്ട്. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ, ഐ.ഐ.ടി റൂർക്കി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഈ മാതൃകാ പദ്ധതി യാഥാർഥ്യമാക്കിയത്. സ്റ്റാർട്ടപ് മിഷൻ വഴിയുള്ള ഒരു സ്റ്റാർട്ടപ് കമ്പനിയാണ് ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നത്.
ഭൂഗർഭ സെൻസറുകളും ആഗോള നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനങ്ങളും ഉപയോഗിച്ചാണ് പ്രകൃതിയിലെ മാറ്റങ്ങൾ ഇവിടെ നിരീക്ഷിക്കുന്നത്. ഐ.ഐ.ടി റൂർക്കിയുടെ സഹായത്തോടെയുള്ള ‘ലാൻഡ്‌സ്‌ലൈഡ് ഏർലി വാണിങ് സിസ്റ്റത്തിന്റെ’ ഭാഗമായി ഏലപ്പീടിക, കാടൻമല തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനോടകം തന്നെ പ്രത്യേക സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ കൊളക്കാട് ഭാഗത്ത് ഓട്ടോമാറ്റഡ് വെതർ സ്റ്റേഷനും സ്ഥാപിക്കും. ഇതുവഴി മഴയുടെ അളവും കാറ്റിന്റെ വേഗവും കൃത്യമായി തത്സമയം മനസ്സിലാക്കാൻ സാധിക്കും.2022ൽ പൂളക്കുറ്റി, മാടശ്ശേരിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ മുപ്പതിലധികം സ്ഥലങ്ങളിലാണ് അതിശക്തമായ ഉരുൾപൊട്ടലുണ്ടായത്.
അന്നത്തെ കയ്പേറിയ ഓർമകൾ നിലനിൽക്കെ, നിലവിലെ കനത്ത മഴയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഈ കേന്ദ്രത്തിന്റെ പ്രവർത്തനം ഏറെ നിർണായകമാണ്. അപകടസാധ്യത മുൻകൂട്ടിക്കണ്ട് ജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ കൈമാറാനും അവശ്യഘട്ടങ്ങളിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ഇതിലൂടെ സാധിക്കുന്നു.കേരളത്തിൽ ആദ്യമായി ഒരു തദ്ദേശസ്ഥാപനത്തിന് കീഴിൽ റിസിലിയൻസ് ഓഫിസറെ നിയമിച്ചുകൊണ്ട് കണിച്ചാർ പഞ്ചായത്ത് മാതൃകയായിരുന്നു. റിസിലിയൻസ് ഓഫിസർ കെ. നിധിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി പഞ്ചായത്ത് പരിധിയിൽ മികച്ച രീതിയിലാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.