അഞ്ചരക്കണ്ടി (കണ്ണൂർ): അഞ്ചരക്കണ്ടിയിലെ കണ്ണൂർ ജില്ല കോവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്നും റിമാൻഡ് പ്രതിയായ രോഗി ചാടിപ്പോയി. കാസർകോട് മാങ്ങാെട്ട റംസാൻ സൈനുദ്ദീനാണ് (22) കടന്നുകളഞ്ഞത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുമ്പ് തോട്ടടയിലെ ക്വാറൻറീൻ കേന്ദ്രത്തിൽനിന്നും ഇയാൾ ചാടിപ്പോയിരുന്നു. പിന്നീട് പിടികൂടുകയായിരുന്നു.
ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം നൽകുമ്പോൾ റംസാൻ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. ഉച്ചഭക്ഷണ സമയത്താണ് കാണാതായ വിവരം അറിയുന്നത്. ഒരു കേസിൽ റിമാൻഡിലായ ഇയാളെ ഞായറാഴ്ച വൈകീട്ടാണ് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ഇവിടെ പ്രവേശിപ്പിച്ചത്. ചാടിപ്പോയ സമയം നീല ടീ ഷർട്ടാണ് ഇയാൾ ധരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ചക്കരക്കല്ല് പൊലീസിെൻറ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
അഞ്ചരക്കണ്ടിയിലെ കോവിഡ് സെൻററിൽ നിന്നും രണ്ടാം തവണയാണ് രോഗി ചാടിപ്പോവുന്നത്. കഴിഞ്ഞ മാസം 24ന് ഇരിട്ടി ആറളം സ്വദേശി ദിലീപും ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. നാലു മണിക്കൂർ തിരച്ചിലിനൊടുവിലായിരുന്നു ഇയാളെ ഇരിട്ടിയിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഈ സംഭവത്തെ തുടർന്ന് നിരവധി പേർ ക്വാറൻറീനിൽ പോകേണ്ടി വരുകയും രോഗവ്യാപനഭീതി ഉയരുകയും ചെയ്തിരുന്നു.
കോവിഡ് ചികിത്സ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയാണ് ഇടക്കിടെ രോഗികൾ ചാടിപ്പോവാൻ കാരണമെന്നാണ് ആക്ഷേപം. കോവിഡ് കേന്ദ്രം ആരംഭിച്ചയുടൻ, ആംബുലൻസിൽ പരിശോധനക്ക് വന്നയാൾ പുറത്തേക്കുപോയ സംഭവവും ഇവിടെയുണ്ടായി. നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആശുപത്രി കോമ്പൗണ്ടിനുള്ളിലെ കവാടത്തിന് മുന്നിലായി പൊലീസ് സുരക്ഷാ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കോവിഡ് രോഗി ചാടിപ്പോയത് അറിഞ്ഞതോടെ പ്രദേശവാസികളും ആശങ്കയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.