കണ്ണൂർ: ചിറക്കൽ ഗ്രാമപഞ്ചായത്തിലെ വർഷങ്ങളായുള്ള കുടിവെള്ളക്ഷാമം പരിഹരിക്കാൻ കൂറ്റൻ കുടിവെള്ള ടാങ്ക് ഒരുങ്ങുന്നു. 21 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് പള്ളിക്കുന്നിലാണ് നിർമിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ 14,170 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കുമെന്നാണ് കണക്ക്.
ജലജീവൻ മിഷന്റെ നേതൃത്വത്തിൽ ജല അതോറിറ്റിയുടെ 20 സെന്റ് സ്ഥലത്താണ് 14 സെന്റ് വിസ്തൃതിയിൽ ടാങ്ക് നിർമിക്കുന്നത്. 46.27 കോടിയാണ് നിർമാണച്ചെലവ്. പഞ്ചായത്തിൽ 129.13 കി.മീ. ദൂരത്തിൽ പൈപ്പ് ലൈനും ഒരുക്കും. വരാനിരിക്കുന്ന 30 വർഷത്തെ ജല ഉപഭോഗം മനസ്സിലാക്കിയാണ് ടാങ്കും കുടിവെള്ള വിതരണ ശൃഖലയും ഒരുക്കുന്നത്.
നിലവിൽ പനങ്കാവിലെ ഉപരിതല ടാങ്കിൽനിന്നാണ് ചിറക്കൽ പഞ്ചായത്തിലേക്ക് ശുദ്ധജലം എത്തിക്കുന്നത്. അഞ്ചുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ ജല വിതരണ പൈപ്പുകൾ കാലപ്പഴക്കത്താൽ പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവായിരുന്നു. പുതിയ 8170 അപേക്ഷകർക്കുകൂടി ശുദ്ധജലം വിതരണം ചെയ്യാൻ ഇതിന്റെ സംഭരണശേഷി അപര്യാപ്തവുമാണ്. ഇതോടെയാണ് പുതിയ ടാങ്ക് നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ മുണ്ടയാട്ടുനിന്ന് പള്ളിക്കുന്നിലേക്ക് സ്ഥാപിച്ച പൈപ്പ് ലൈൻ വഴി മേലെ ചൊവ്വയിലെ ടാങ്കിൽനിന്ന് വെള്ളം എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.