കല്ലുമുട്ടിയിെല പുതിയ ചെക് പോസ്റ്റ്
അതിർത്തിയിലെ ചെക് പോസ്റ്റ് 12 കിലോമീറ്റർ ഇപ്പുറം; ദുരൂഹതയെന്ന് ജനങ്ങൾ
ഇരിട്ടി: കേരള-കർണാടക അതിർത്തിയിൽ സ്ഥാപിക്കേണ്ട വനംവകുപ്പിന്റെ ചെക് പോസ്റ്റ് അതിർത്തിയിൽനിന്ന് 12 കിലോമീറ്റർ ഇപ്പുറം സ്ഥാപിച്ചതിൽ ദുരൂഹത ആരോപിച്ച് ജനങ്ങൾ. ഇരിട്ടിക്ക് സമീപം കല്ലുമുട്ടിയിലാണ് ഏകദേശം 20 ലക്ഷം രൂപ ചെലവഴിച്ച് കണ്ടെയ്നർ സംവിധാനത്തിൽ പുതിയ ചെക് പോസ്റ്റ് ഒരുക്കിയിരിക്കുന്നത്. എന്നാൽ, അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ പരിശോധിക്കേണ്ട ചെക് പോസ്റ്റ് അതിർത്തിയിൽനിന്ന് ഇത്രയും ദൂരം മാറ്റിസ്ഥാപിച്ചതിന്റെ യുക്തിയെക്കുറിച്ചാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
വനംവകുപ്പിന്റെ ചെക് പോസ്റ്റിന് പ്രധാനമായും വനസമ്പത്തിന്റെയും വന്യജീവികളുടെയും സംരക്ഷണം, അനധികൃതമായി മുറിച്ച മരങ്ങളും തടിയുൽപന്നങ്ങളും കടത്തുന്നത് തടയൽ, വന ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിനുള്ള രേഖകൾ പരിശോധിക്കൽ തുടങ്ങിയ ചുമതലകളാണുള്ളത്.വാഹനങ്ങളിൽ കൊണ്ടുപോകുന്ന വനയുൽപന്നങ്ങളുടെ ഉത്ഭവസ്ഥലം, അളവ്, ലക്ഷ്യസ്ഥാനം, ആവശ്യമായ അനുമതിപത്രങ്ങൾ എന്നിവ പരിശോധിക്കുന്നതും ചെക് പോസ്റ്റിന്റെ പ്രധാന ചുമതലയാണ്.
ഇരിട്ടി പാലത്തിന് സമീപത്തായിരുന്നു ആദ്യം വനംവകുപ്പിന്റെ ചെക് പോസ്റ്റ് പ്രവർത്തിച്ചിരുന്നത്. പിന്നീട് മാടത്തിയിലേക്കും അവിടെനിന്ന് കൂട്ടുപുഴയിലേക്കും വീണ്ടും മാടത്തിയിലേക്കും മാറ്റുകയായിരുന്നു. വാടക കെട്ടിടങ്ങളിലായിരുന്നു പ്രവർത്തനം. ഈ സാഹചര്യത്തിലാണ് സ്ഥിരം സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം 20 ലക്ഷം രൂപ ചെലവഴിച്ച് കണ്ടെയ്നർ സംവിധാനമൊരുക്കിയത്.
കൂട്ടുപുഴയിൽ മറ്റ് വകുപ്പുകളുടെ ചെക് പോസ്റ്റുകളും കണ്ടെയ്നർ സംവിധാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, വനംവകുപ്പിന്റെ ചെക് പോസ്റ്റ് കല്ലുമുട്ടിയിലേക്ക് മാറ്റുന്നതോടെ അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ എങ്ങനെയാണ് കാര്യക്ഷമമായി പരിശോധിക്കുക എന്ന ചോദ്യമാണുയരുന്നത്.
കാരണം, അതിർത്തി കടന്നശേഷം കല്ലുമുട്ടിയിലെ ചെക് പോസ്റ്റിൽ എത്താതെ പോകാൻ നിരവധി റോഡുകളുണ്ട്. പേരട്ടവഴിയും വള്ളിത്തോട്-പെരിങ്കിരി വഴിയും ആനപ്പന്തി വഴിയും മാടത്തിയിൽ വഴിയും വിളമന വഴിയും ഉൾപ്പെടെ വിവിധ റോഡുകളിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാം. അങ്ങനെയെങ്കിൽ അതിർത്തി കടന്ന് വരുന്ന തടിവാഹനങ്ങളടക്കമുള്ള വാഹനങ്ങളെ കല്ലുമുട്ടിയിലെ ചെക് പോസ്റ്റിൽ എങ്ങനെ പരിശോധിക്കാൻ കഴിയുമെന്നാണ് ഉയരുന്ന ചോദ്യം. പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് വനംവകുപ്പ് വ്യക്തമായ മറുപടി നൽകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.