ഇരിട്ടിയിലെ കോൾ ടാക്‌സി ഡ്രൈവർമാർ
ഗതാഗത പരിഷ്‌കരണം; പരിധിക്ക് പുറത്തായി കോൾ ടാക്‌സികൾ
ഇരിട്ടി: നഗരത്തിൽ ഏറെ കോട്ടിഗ്ഘോഷിച്ച് തുടങ്ങിയ ഗതാഗത പരിഷ്‌കരണം ഓട്ടോകളെയും ടാക്‌സികളെയും പ്രതികൂലമായി ബാധിക്കുന്നതായി പരാതി. പരിഷ്‌കാരത്തിന്റെ ഭാഗമായി അധികൃതർ പ്രഖ്യാപിച്ച പാർക്കിങ് കേന്ദ്രങ്ങളിൽ ആവശ്യമായ ബോർഡുകളും മറ്റും സ്ഥാപിക്കാതിരുന്നതിനാൽ ഓരോ വാഹനത്തിനും നിശ്ചയിച്ച കേന്ദ്രങ്ങൾ കൈയേറി മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായുള്ള പരാതികൾ കൂടിവരുകയാണ്.
ജൂലൈ ഒന്നു മുതലാണ് ഇരിട്ടി നഗരസഭയും പൊലീസും ചേർന്ന് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തുകയും ഓരോ വിഭാഗം വാഹനത്തിനും പ്രത്യേകം പാർക്കിങ് സംവിധാനം ഒരുക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ ട്രാഫിക് സംവിധാനത്തിന്റെ ബോർഡുകൾ സ്ഥാപിക്കാനോ പരിഷ്‌കരണം ഒരു ദിവസം പോലും കാര്യക്ഷമമായി നടപ്പാക്കാനോ നഗരസഭക്കും പൊലീസിനും കഴിഞ്ഞിട്ടില്ല. ടൗണിലെ ഓട്ടോ ടാക്‌സി സ്റ്റാൻഡ് നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റാനും തീരുമാനിച്ചിരുന്നു. നാദം ജ്വല്ലറി മുതൽ ഫാഷൻ ടൂറിസ്റ്റ് ഹോം വരെയുള്ള ഭാഗത്തേക്ക് സ്റ്റാൻഡ് മാറ്റാനായിരുന്നു ധാരണ.
എന്നാൽ, പുതിയ സ്ഥലത്ത് സ്റ്റാൻഡ് സംബന്ധിച്ച ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ഇതോടെ ഓട്ടോ ടാക്‌സികൾ ഇപ്പോഴും പഴയ സ്ഥലത്തുതന്നെയാണ് പാർക്ക് ചെയ്യുന്നത്. നിലവിലെ സംവിധാനത്തിൽ യാത്രക്കാർക്കും ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്കും ഒരുപോലെ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ട്രാഫിക് പരിഷ്‌കരണം പ്രഖ്യാപനത്തിലൊതുങ്ങാതെ അടിയന്തരമായി നടപ്പാക്കണമെന്നും ടൗണിലെ വാഹന പാർക്കിങ് സംബന്ധിച്ച് ശാസ്ത്രീയമായ സംവിധാനമൊരുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.