കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ പൊലീസ് സാന്നിധ്യത്തില്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ മദ്യപിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ നാണക്കേടിലായ പൊലീസ് മുഖം രക്ഷിക്കാന്‍ കടുത്ത നടപടികളിലേക്ക്.
കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും തിരിച്ച് കൊണ്ടുവരുമ്പോഴും ടി.പി കേസ് പ്രതികള്‍ക്ക് കൈവിലങ്ങ് വെക്കാനാണ് തീരുമാനം. നിലവില്‍ കൈവിലങ്ങില്ലാതെയാണ് കൊണ്ടുപോകാറുള്ളത്.
കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയില്‍ എസ്കോര്‍ട്ടിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് എസ്കോര്‍ട്ടിന് നിയോഗിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മദ്യപാനവുമായി ബന്ധപ്പെട്ട് കൊടി സുനിക്കും മറ്റുള്ളവര്‍ക്കുമെതിരെ എന്തുനടപടി സ്വീകരിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.
ജയിലിന് അകത്താണ് കുറ്റകൃത്യം നടത്തിയതെങ്കില്‍ പ്രിസണ്‍ ആൻഡ് കറക്ഷന് ആക്ട് പ്രകാരമാണ് കേസെടുക്കുക. എന്നാല്‍, ജയിലിന് പുറത്താണ് മദ്യപാനം നടന്നത്. അതിനാല്‍, എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. ന്യൂമാഹി ഇരട്ടക്കൊലക്കേസ് വിചാരണക്ക് ജൂലൈ 17ന് തലശ്ശേരി ജില്ല കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴാണ് മദ്യപാനം നടന്നത്. കൊടി സുനിയെ ജയിലില്‍നിന്നാണ് വിചാരണക്ക് കൊണ്ടുപോയത്.
പരോളില്‍ കഴിയുന്ന മറ്റു രണ്ടുപേരും കോടതിയില്‍ ഹാജരാകുകയായിരുന്നു. കോടതിയില്‍ ഹാജരായി മടങ്ങുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലാണ് ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചത്. സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന് എ.ആര് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ ജിഷ്ണു, വൈശാഖ്, വിനീഷ് എന്നിവരെ സിറ്റി പൊലീസ് കമീഷണര്‍ സസ്പെൻഡ് ചെയ്തിരുന്നു.
സര്‍ക്കാറിനും ഭരണകക്ഷിക്കും പ്രതികള്‍ വേണ്ടപ്പെട്ടവരായതിനാല്‍ പൊലീസുകാര്‍ക്ക് ഇവരോട് കര്‍ശന നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കര്‍ശന നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ ഭീഷണിയും ഉയരാറുണ്ട്. അതിനിടെ ഏഴ് മാസത്തിനിടെ കൊടി സുനിക്ക് രണ്ടു മാസത്തെ പരോള്‍ ലഭിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.