കണ്ണൂർ: ക്രൈം കേസുകളിൽ പ്രതികളാകുന്നവരുടെ ഫോട്ടോ കേസ് ഡയറിയിൽ സൂക്ഷിക്കുന്നതിനായി എടുക്കാറുണ്ടെന്നും എന്നാൽ, ഇത്തരം ചിത്രങ്ങൾ മാധ്യമങ്ങൾക്കോ സമൂഹമാധ്യമങ്ങൾക്കോ നൽകിയിട്ടില്ലെന്നും ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. മുണ്ടേരി ചെക്കിക്കുളത്തെ എം.കെ. ഹൈറുന്നിസ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമീഷൻ പൊലീസിൽനിന്ന് റിപ്പോർട്ട് തേടിയത്.
തന്റെ ചിത്രം പൊലീസ് മാധ്യമങ്ങൾക്ക് നൽകിയെന്നും ഫോട്ടോയെടുക്കുമ്പോൾ പൊലീസ് തട്ടം ബലമായി ഊരിയെന്നുമായിരുന്നു പരാതി. പൊലീസ് റിപ്പോർട്ടിനെതിരെ പരാതിക്കാരി ആക്ഷേപം ബോധിപ്പിക്കാതിരുന്നതിനാൽ കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് പരാതി തീർപ്പാക്കി.
മുണ്ടേരി കൈപ്പിക്കൽമട്ടയിൽ താമസിക്കുന്ന പരാതിക്കാരി ബിസിനസിൽ സ്വർണവും പണവും നിക്ഷേപിച്ചാൽ 10 ശതമാനം ലാഭവിഹിതമായി നൽകാമെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചതായാണ് കേസെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് പരാതിക്കാരിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കി. കേസിലെ വസ്തുതകൾ പരിശോധിച്ചതിനാൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമായതായി കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.