പേരാവൂർ: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ ശല്യം നിരന്തരം തുടരുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ വീടിനോട് ചേർന്ന ഷെഡും കുടിലുകളും കൃഷിയുമാണ് ആനകൾ നശിപ്പിക്കുന്നത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് ബ്ലോക്ക് ഏഴിലെ കൈതതോട് സിബിയുടെ വീടിന്റെ വർക്ക് ഏരിയയും ഷെഡും ആസ്ബറ്റോസ് ഷീറ്റുൾപ്പെടെ ആന തകർത്തത്. വീടിന്റെ മുറ്റത്തുനിന്ന പ്ലാവിലെ ചക്ക പറിച്ച് തിന്നശേഷമാണ് ആന വീടിന് നേരെ തിരിഞ്ഞത്.15 മിനിറ്റോളം വീടിന്റെ പരിസരത്ത് ആനയുടെ ആക്രമണമായിരുന്നു.
പുനരധിവാസമേഖലയിൽ ചുറ്റിത്തിരിയുന്ന അപകടകാരിയായ മോഴയാനയാണ് സിബിയുടെ വീടാക്രമിച്ചത് . ബ്ലോക്ക് 13 ൽ വെള്ളി ലീല ദമ്പതികളെ കൊന്നതും മോഴ ആന ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. പരിസരവാസികൾ ലൈറ്റ് അടിച്ച് ശബ്ദം ഉണ്ടാക്കിയതോടെയാണ് ആന പരാക്രമം അവസാനിപ്പിച്ച് പിന്മാറിയത്. സിബിയും ഭാര്യയും മൂന്ന് കുട്ടികളുമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. ഭയന്ന് വിറച്ച് കുടുംബം സഹായത്തിനായി ആർ.ആർ.ടിയെ വിളിച്ചെങ്കിലും ആന പിന്മാറിയശേഷമാണ് വനപാലകർ സ്ഥലത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.