പ്രതീകാത്മക ചിത്രം
പേരാവൂർ: ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ കാട്ടാന ഓടിച്ചു. തൊഴിലാളി കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി സിനേഷ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ചൊവ്വാഴ്ച പുലർച്ച 6.15ന് ആറളം ഫാം ബ്ലോക്ക് ഒന്നിൽ വെച്ചായിരുന്നു സംഭവം.പുലർച്ചെ ബ്ലോക്ക് അഞ്ചിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആന സിനേഷിന്റെ വാഹനത്തിനുനേരെ തിരിഞ്ഞത്.
ബ്ലോക്ക് ഒന്നിൽ എത്തിയപ്പോൾ കൊമ്പൻ വഴി മുറിച്ചുകടക്കുന്നത് കണ്ട് സിനേഷ് ബൈക്ക് ദൂരെ നിർത്തി ആന കടന്നുപോകാനായി കാത്തുനിന്നു. ആന റോഡ് മുറിച്ചുകടന്ന് കാടിനുള്ളിലേക്ക് കയറിയെന്ന് ഉറപ്പിച്ച ശേഷം മൊബൈൽ ഓണാക്കി വിഡിയോ എടുത്ത് വാഹനവുമായി മുന്നോട്ടുപോയ സിനേഷിനുനേരെ ആന തിരിയുകയായിരുന്നു.
അക്രമാസക്തനായ ആന വാഹനത്തിനുനേരെ പാഞ്ഞടുത്തപ്പോൾ വാഹനം വേഗത്തിൽ ഓടിച്ചുപോയതിനാൽ ദുരന്തം ഒഴിവായി. ഈ ദൃശ്യം സിനേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ വഴി മറ്റുയാത്രക്കാർ ഇല്ലാതിരുന്നതും അപകടമൊഴിവാക്കി. രണ്ടുവർഷം മുമ്പേ സിനേഷിനെ ബ്ലോക്ക് അഞ്ചിൽ വെച്ച് ആന ഓടിച്ചിരുന്നു. ഫാമിനുള്ളിലെ മൺ റോഡിൽ വെച്ചായിരുന്നു അന്നത്തെ ആക്രമണം. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട സിനേഷിന്റെ പിന്നാലെ ഏറെദൂരം കാട്ടാന പിന്തുടർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.