ആറളം ഫാമിൽ ഗജമുക്തി പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് ദൗത്യസംഘം വനത്തിലേക്ക് തുരത്തിയ കാട്ടാനകളിലൊന്ന്
പേരാവൂർ: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള വനംവകുപ്പിന്റെ ‘ഓപറേഷൻ ഗജമുക്തി’ ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമിൽനിന്നും രണ്ട് കാട്ടാനകളെ കൂടി വനത്തിലേക്ക് തുരത്തി.
ആറളം വൈൽഡ് ലൈഫ് വാർഡന്റെയും കൊട്ടിയൂർ റേഞ്ച് ഓഫിസറുടെയും നേതൃത്വത്തിലായിരുന്നു ബുധനാഴ്ചത്തെ ദൗത്യം.
ബ്ലോക്ക് 7ലെ വയനാടൻ കാടിന്റെ ഭാഗത്ത് നിന്നാണ് എലിഫന്റ് ഡ്രൈവ് ആരംഭിച്ചത്. ദൗത്യം തുടങ്ങി അധികം വൈകാതെ തന്നെ രണ്ട് കാട്ടാനകളെ സംഘം കണ്ടെത്തി താളിപ്പാറ വഴി കോട്ടപ്പാറ ഫെൻസിങ് കടത്തി ആറളം വന്യജീവി സങ്കേതത്തിലേക്ക് ശ്രമകരമായി തുരത്തുകയായിരുന്നു.
ദൗത്യത്തിൽ വനംവകുപ്പിലെ വിവിധ സെക്ഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും വാച്ചർമാരും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 30 അംഗങ്ങൾ പങ്കെടുത്തു. കീഴ്പ്പള്ളി, മണത്തണ, തോലമ്പ്ര, ആറളം സെക്ഷനുകളിലെയും ഇരിട്ടി, നരിക്കടവ് സ്റ്റേഷനുകളിലെയും ജീവനക്കാർ ഡ്രൈവിങ് ടീമിന്റെ ഭാഗമായി.
മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി ആറളം പഞ്ചായത്തിൽ നിയോഗിച്ചിട്ടുള്ള ലെയ്സൺ ഓഫിസർമാരുടെ നേതൃത്വത്തിൽ പൊലീസ്, പഞ്ചായത്ത്, ടി.ആർ.ഡി.എം ആരോഗ്യവകുപ്പ് എന്നിവയുമായി ഏകോപനം നടത്തിയാണ് ദൗത്യം.
അവശേഷിക്കുന്ന കാട്ടാനകളെ കണ്ടെത്തി തുരത്തുന്നതിനായുള്ള ദൗത്യം വ്യാഴാഴ്ച വീണ്ടും പുനരാരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.