മലയോരത്തെ വന്യജീവി ശല്യം; പ്രതിരോധ നടപടികൾ ഊർജിതമാക്കും

പേരാവൂർ: മലയോര പഞ്ചായത്തുകളിൽ രൂക്ഷമായ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.

യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന മേധാവികളും ഇരിട്ടി തഹസിൽദാരും പങ്കെടുത്തു. ജനവാസ മേഖലകളിലിറങ്ങുന്ന കടുവ, പുലി, കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങൾ ഉയർത്തുന്ന ഭീഷണി നേരിടാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച സണ്ണി ജോസഫ് എം.എൽ.എ വ്യക്തമാക്കി. ആറളം ആനമതിൽ പൂർത്തീകരിക്കുന്നതിനും വിവിധ പഞ്ചായത്തുകളിൽ അനുവദിച്ച സോളാർ തൂക്കുവേലികളുടെ നിർമാണം വേഗത്തിലാക്കുന്നതിനും മറ്റു പ്രവൃത്തികൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേളകത്ത് തകർന്ന ആനമതിൽ പുനർനിർമിക്കാനുള്ള നടപടികളും വേഗത്തിലാക്കും.

പ്രധാന തീരുമാനങ്ങളും ആവശ്യങ്ങളും:

* കേളകം: പഞ്ചായത്തിൽ കടുവ, പുലി, ആന എന്നിവയുടെ ശല്യം രൂക്ഷമാണ്. തകർന്ന ആനമതിൽ പുനർനിർമിക്കണമെന്നും മതിലിന്റെ വശങ്ങളിലൂടെ സോളാർ തൂക്കുവേലി സ്ഥാപിച്ച് സുരക്ഷ ശക്തമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ആവശ്യപ്പെട്ടു. സോളാർ ഫെൻസിങ് അറ്റകുറ്റപ്പണികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ചീങ്കണ്ണിപ്പുഴയുമായി ബന്ധപ്പെട്ട അതിർത്തി തർക്കത്തിൽ ആറളം വാർഡിന് വ്യക്തത വരുത്തി.

* ആറളം: ആറളംഫാം ഏരിയയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ കാടുകയറ്റാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് വി. ശോഭ ആവശ്യപ്പെട്ടു. ഓപറേഷൻ 'ഗജമുക്തി' നല്ല തയാറെടുപ്പോടെ പുനരാരംഭിക്കുമെന്നും വനംവകുപ്പ് ഉറപ്പ് നൽകി. നീലായ് മേഖലയിലെ പുലിപ്പേടി ഒഴിവാക്കാനും പുതിയ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാനും നടപടി ഉണ്ടാകും. ആദിവാസി പുനരധിവാസ മിഷൻ (ടി.ആർ.ഡി.എം) വന്യജീവി-കുടിവെള്ള പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. അനെർട്ട് സ്ഥാപിക്കുന്ന വേലിക്ക് വനംവകുപ്പ് ഫണ്ട് അനുവദിച്ചതാണെന്നും മറ്റു സാങ്കേതിക തടസങ്ങളില്ലെന്നും വനംവകുപ്പ് പറഞ്ഞു.

* അയ്യൻകുന്ന് ആൻഡ് കണിച്ചാർ: സോളാർ തൂക്കുവേലികളുടെ നിർമാണം കാര്യക്ഷമമാക്കണമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. വളയൻചാൽ മുതൽ മടപ്പുരച്ചാൽ വരെയുള്ള ജനകീയ സോളാർ ഫെൻസിങ് പ്രവർത്തനക്ഷമമാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് അഭ്യർഥിച്ചു. പഞ്ചായത്തുകൾ ഉന്നയിച്ച സാങ്കേതിക പ്രശ്നങ്ങൾക്കും നിർമാണ പുരോഗതി സംബന്ധിച്ച ആശങ്കകൾക്കും കണ്ണൂർ ഡി.എഫ്.ഒ, ആറളം വൈൽഡ് ലൈഫ് വാർഡൻ എന്നിവർ മറുപടി നൽകി.

സ്വകാര്യ സ്ഥലങ്ങളിൽ കാട് വെട്ടുന്നതിന് പഞ്ചായത്ത് അടിയന്തര പ്രാധാന്യം നൽകി പൂർത്തീകരിക്കണമെന്നും കാട്ടുപന്നി വിഷയത്തിൽ പഞ്ചായത്തിന് നൽകിയ അധികാരം ഫലപ്രദമായി ഉപയോഗിക്കണമെന്നും പൂർത്തിയാകുന്നു സോളാർ തൂക്കുവേലികളുടെ പരിപാലനത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഉന്നതതലത്തിൽ ഇടപെടുന്നതിനും തീരുമാനമായി ടി.ആർ.ഡി.എം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക യോഗം വിളിച്ചുചേർക്കാനും യോഗത്തിൽ ധാരണയായി.

Tags:    
News Summary - Wildlife disturbance in the hills; preventive measures to be intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.