ആറളം ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ച മലാനുകൾ

കാട്ടാനകൾക്കു പിന്നാലെ ആറളം ഫാമിൽ മലാനുകളുടെ എണ്ണവും പെരുകുന്നു

പേരാവൂർ: കാട്ടാനകൾക്കു പിന്നാലെ ആറളം ഫാമിൽ മലാനുകളുടെ എണ്ണവും പെരുകുന്നു. ഫാം കൃഷിയിടത്തിലും പുനരധിവാസ മേഖലയിലും നൂറുകണക്കിന് മലാനുകൾ താവളം ഒരുക്കിയിട്ടുള്ളതായാണ് ജീവനക്കാരും താമസക്കാരും പറയുന്നത്. ഫാമിന്റെ കാർഷിക പ്രവർത്തനങ്ങൾക്ക് ഗുരുതര ഭീഷണിയാണ് ഇവ ഉണ്ടാക്കുന്നത്. അതോടൊപ്പം കടുവ സാന്നിധ്യം വർധിക്കാൻ സാഹചര്യം ഒരുക്കുന്നു.

ആനമതിൽ നിർമാണം ഉൾപ്പെടെയായി നിലവിൽ എല്ലാവരുടെയും കരുതൽ ആറളത്ത് തമ്പടിച്ച കാട്ടാനകളെ എങ്ങനെയെങ്കിലും വനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ മുന്നോട്ടുപോകുമ്പോഴാണ് മലാനുകളും വൻ ഭീഷണി തീർക്കുന്ന വംശവർധനയിലേക്ക് എത്തിയിട്ടുള്ളതിന്റെ കണക്കുകൾ പുറത്തുവരുന്നത്.

കുരങ്ങ്, മലയണ്ണാൻ, കാട്ടുപന്നി എന്നിവ ഫാം മേഖലയിൽ ശല്യം തീർക്കുന്നുണ്ടെങ്കിലും കാട്ടാന കഴിഞ്ഞാൽ ഏറ്റവും രൂക്ഷം മലാനുകളുടെ എണ്ണം വർധിക്കുന്നതു തന്നെയാണ്. 4000 ഏക്കർ ഭൂമി പുനരധിവാസത്തിനും 3500 ഏക്കർ ഭൂമി കൃഷിക്കുമായി നിശ്ചയിച്ചിട്ടുള്ള ഫാം മേഖലയിൽ 1200 കുടുംബങ്ങൾ മാത്രമാണ് താമസമാക്കിയിട്ടുള്ളത്. പുനരധിവാസ മേഖലയിൽ ബാക്കിയുള്ള 2700 ഏക്കർ കാടുപിടിച്ചുകിടക്കുകയാണ്. ഫാം കാർഷിക മേഖലയിലും കാട് പിടിച്ച പ്രദേശങ്ങളുണ്ട്. നിത്യഹരിതം, ഇലപൊഴിയും മരങ്ങൾ, കുറ്റിച്ചെടികൾ, ഇടതൂർന്ന പുല്ലുകളുടെ ആവരണം, ഓടക്കാടുകൾ എന്നിവയാൽ സമ്പന്നമായ ഫാം ഭൂമി മലാന് അനുയോജ്യമായ ആവാസവ്യവസ്‌ഥയാണ്. സ്വാഭാവിക തീറ്റയുടെ ലഭ്യതക്കു പുറമെ ഫാമിലെ കശുമാമ്പഴവും മറ്റു പഴങ്ങളും മലാനുകൾ ഭക്ഷണമാക്കുന്നുണ്ട്. ഇത് മലാനുകളുടെ തനത് ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതാണ്. 5 - 10 വരെ എണ്ണമുള്ള ചെറുകൂട്ടങ്ങളായാണ് ഫാമിൽ ഇവയുടെ വിഹാരം. പകൽസമയത്ത് കുറ്റിക്കാടുകളിലും നനവുള്ള കാട് മൂടിയ പ്രദേശങ്ങളിലും ഇവ വിശ്രമിക്കും. രാത്രി ഭക്ഷണം തേടിയിറങ്ങും.

ഫാമിന് വലിയ വെല്ലുവിളി

പുനരധിവാസ മേഖലക്കും ഫാമിനും വലിയ വെല്ലുവിളിയാണ് ഇവ ഉയർത്തുന്നത്. നട്ടുവളർത്തുന്ന തൈകളുടെ കുരുന്നിലകൾ കടിച്ചുപറിക്കുന്നു. കശുമാവ് തൈകളടക്കം ചുവടക്കം പറിച്ചു നശിപ്പിക്കുന്നു.കശുമാമ്പഴം ഭക്ഷണമാക്കുന്നതിനാൽ ഈ വകയും നഷ്ടമുണ്ടാക്കുന്നു. രാത്രി വീഴുന്ന കശുമാങ്ങകൾ കശുവണ്ടിയടക്കം ഇവ വിഴുങ്ങും. മലാനുകൾ ദേഹം ചൊറിയാൻ കുരുമുളകു ചെടികൾ ഉപയോഗിക്കുന്നതിനാൽ ഇവയും പൂർണമായി നശിപ്പിക്കപ്പെടുന്നു.

ആൺമലാനുകൾ വർഷംതോറും കൊമ്പ് പൊഴിക്കാറുണ്ട്. ഇതിനായി മൃദുവായ തൊലിയുള്ള മരങ്ങളിൽ കുത്തുകയാണ് ഇവ ചെയ്യുന്നത്. കശുമാവ്, കണിക്കൊന്ന, കിളിഞ്ഞൽപോലുള്ള മരങ്ങൾ ഇങ്ങനെയും നശിപ്പിക്കുകയാണ്. ഇവ കുത്തുന്നതിലൂടെ തൊലി നഷ്ടപ്പെടുന്ന ഭാഗത്തുകൂടി കുത്തൻ കയറിയാണ് മരങ്ങൾ നശിക്കുന്നത്. പുനരധിവാസ ഭാഗമായി നഷ്‌ടപ്പെട്ട മാതൃവൃക്ഷത്തോട്ടം െവച്ചുപിടിപ്പിക്കാനായി നട്ട പുതിയ തൈകളും ഇവ നശിപ്പിക്കുന്നുണ്ട്. ഫാമിലും പുനരധിവാസ മേഖലയിലുമായി കോടിക്കണക്കിനു രൂപയുടെ കാർഷിക വികസന പദ്ധതികൾ നടപ്പാക്കിയതെല്ലാം വിജയം കാണാത്തതും മലാനുകളുടെ ഉപദ്രവംകൊണ്ടാണ്.

Tags:    
News Summary - Following the wild elephants, the number of elephants is also increasing at Aralam Farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.