പ്രോ​ട്ടോ​സ്റ്റി​ക്റ്റ ഫ്രാ​ൻ​സി എ​ന്നു പേ​രി​ട്ട പു​തി​യ ഇ​നം തു​മ്പി

കേരളത്തിൽനിന്ന് പുതിയ തുമ്പി, ഫ്രാൻസി

പേരാവൂർ: കേരളത്തിൽ പുതിയ ഇനം തുമ്പിയെ കണ്ടെത്തി. ആറളം വന്യജീവിസങ്കേതത്തിനു സമീപം ബ്രഹ്മഗിരി മലനിരകളിൽ കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയിലാണ് പുതിയ സൂചിത്തുമ്പിയെ കണ്ടെത്തിയത്. നിഴൽത്തുമ്പി വിഭാഗത്തിൽപെടുന്ന പുതിയ ഇനത്തിന് പ്രോട്ടോസ്റ്റിക്റ്റ ഫ്രാൻസി (Protosticta francyi) എന്ന് പേര് നൽകി.

കേരളത്തിൽ തുമ്പികളുടെ ശാസ്ത്രീയ പഠനങ്ങൾക്ക് തുടക്കം കുറിച്ച തൃശൂർ സെൻറ്‌ തോമസ് കോളജ് ജന്തുശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ഡോ. ഫ്രാൻസി കെ. കാക്കാശ്ശേരിയോടുള്ള ബഹുമാനാർഥമാണ് പേരിട്ടത്. കണിച്ചാറിലെ ദന്ത ഡോക്ടറും തുമ്പിനിരീക്ഷകനുമായ ഡോ. വിഭു വിപഞ്ചികയാണ് തുമ്പിയെ ആദ്യമായി കണ്ടത്.

തുടർന്ന് ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റി (ടി.എൻ.എച്ച്.എസ്) തുമ്പിഗവേഷണ വിഭാഗത്തിലെ ഗവേഷകരായ വിനയൻ പി. നായർ, ഡോ. കലേഷ് സദാശിവൻ, ഡോ. എബ്രഹാം സാമുവൽ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുണെയിലെ ഡോ. ജാഫർ പാലോട്ട് എന്നിവർ വിശദ പഠനം നടത്തി.

ആറളം വന്യജീവിസങ്കേതം, കൊട്ടിയൂർ മേഖലകളിൽ സമുദ്രനിരപ്പിൽനിന്ന് 500 മീറ്റർവരെ ഉയരമുള്ള പ്രദേശങ്ങളിലെ ഇരുളടഞ്ഞ കാട്ടരുവികളിൽ ഇവയെ കൂടുതൽ കണ്ടെത്തി. പുതിയ തുമ്പിക്ക് പൊന്മുടി നിഴൽത്തുമ്പി, കൊമ്പൻ നിഴൽത്തുമ്പി ( Protosticta antelopoides) എന്നിവയുമായി ഏറെ സാമ്യം ഉണ്ടെങ്കിലും കഴുത്തിലെ മുള്ളുകളുടെ പ്രത്യേകതകൾ ഇവയെ മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമാക്കുന്നു.  

Tags:    
News Summary - New dragonfly from Kerala-fransy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.