പേരാവൂർ: ആറളം പുനരധിവാസ മേഖലയിൽനിന്നും ആന തുരത്തലും തുരത്തിയ ആനകൾ തിരിച്ചിറങ്ങുന്നതും പതിവാകുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ 10 ആനകളെ കാട്ടിൽ കയറ്റിയെങ്കിലും രാത്രി എട്ടു മുതൽ പുനരധിവാസമേഖലയിൽ 12 ലധികം സ്ഥലത്ത് ആനയിറങ്ങി. ആനയെ വനപാലകരെത്തി തുരത്തിയെങ്കിലും പുനരധിവാസ മേഖലക്കുള്ളിൽ തുടരുന്ന ആനകളെ നിയന്ത്രിക്കാൻ വനംവകുപ്പിന് കഴിയുന്നില്ല എന്നതാണ് വാസ്തവം. ആനയുണ്ടെന്ന് പ്രദേശവാസികളുടെ ഫോൺ വരുമ്പോൾ വനപാലകർ സ്ഥലത്ത് എത്തുമെങ്കിലും ആനഭീതിക്ക് പരിഹാരം കാണാൻ വകുപ്പിനാകുന്നില്ല.
ദമ്പതികളുടെ മരണത്തിനു ശേഷം ആരംഭിച്ച അടിക്കാട് വെട്ടൽ ഏകദേശം നിലച്ച മട്ടാണ്. അടിക്കാട് വെട്ടൽ ഒരു കാരണവശാലും നിർത്തരുതെന്ന് കഴിഞ്ഞ അവലോകന യോഗത്തിൽ എടുത്ത തീരുമാനമാണ് നടപ്പിലാക്കാതെ പോകുന്നത്. കഴിഞ്ഞ മീറ്റിങ്ങിൽ അടിക്കാട് വെട്ടാൻ ലക്ഷങ്ങൾ ചെലവായെന്നും പണമില്ലെന്നും ടി.ആർ.ഡി.എം പ്രതിനിധി സൂചിപ്പിച്ചപ്പോഴാണ് അടിക്കാട് വെട്ടൽ തുടരണമെന്ന് യോഗം ആവശ്യപ്പെട്ടിരുന്നത്. തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള ടി.ആർ.ഡി.എംന്റേയും വനംവകുപ്പിന്റെയും ഉദ്യോഗസ്ഥർ യോഗത്തിൽ എത്താതിരുന്നത് വീഴച്ചയാണന്ന് ജനപ്രതിനിധികളും പറയുന്നു.
പുനരധിവാസ മേഖലയിലെ 14 ജീവനുകൾ വന്യമൃഗക്കലിയിൽ ഞെരിഞ്ഞ് അമർന്നെങ്കിലും കോടികളുടെ ആനമതിൽ നിർമാണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുകയാണ്. 10 കിലോമീറ്ററിൽ പകുതിദൂരം നിർമാണം നടന്നുവെന്ന് അവകാശപ്പെടുന്നെങ്കിലും ബ്ലോക്ക് 13ൽ പലഭാഗങ്ങളിലും നിർമാണം പൂർണമല്ല. ഇതുവഴിയാണ് ആനകൾ ജനവാസമേഖലയിലേക്ക് കടക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നു. ആറളം ഫാമിലെ പ്രശ്ന പരിഹാരത്തിനായുള്ള അവലോകന യോഗങ്ങൾ പ്രഹസനം ആകുന്നു
പുനരധിവാസ മേഖലയിൽ വെള്ളി-ലീല ദമ്പതികളുടെ മരണ ശേഷം മന്ത്രി നേരിട്ടെത്തിയ യോഗത്തിൽ രുപവത്കരിച്ച പ്രാദേശിക കമ്മറ്റിയുടെ യോഗങ്ങൾ പലപ്പോഴും പ്രഹസനം ആകുന്നു. എം.എൽ.എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധകളും ചുരുക്കം ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചർച്ചകൾ എങ്ങുമെത്താതെ പോകുന്നു. സോളാർ തൂക്കുവേലിയുടെ മെയ്ന്റനൻസ് അരുനിർവഹിക്കും എന്നതും ടി.ആർ.ഡി.എം, വനംവകുപ്പും തമ്മിലുള്ള തർക്കത്തിനിടയാകും.
കോളയാട് പഞ്ചായത്തിലെ പറക്കാട് മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം. ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടാനകളെ കോളനി നിവാസികൾ ബഹളം വെച്ചും പടക്കം പൊട്ടിച്ചുമാണ് തുരത്തിയത്. പ്രദേശവാസികളായ നിരവധി കർഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ ഉൾപ്പെടെ വ്യാപകമായി കാട്ടാന നശിപ്പിച്ചു.
കൃത്യമായ യാത്രാ സൗകര്യമില്ലാത്ത കോളനിയാണ് പറക്കാട്. കർഷകർ വളരെ കഷ്ടപ്പെട്ട് വൻതുക ചെലവഴിച്ചാണ് വാഴക്കന്നും വളവുമുൾപ്പെടെയുള്ളവ കൃഷിസ്ഥലത്ത് എത്തിച്ച് കൃഷി ചെയ്യുന്നത്. എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് കൃഷി ചെയ്യുന്ന ഇവർ രൂക്ഷമായ കാട്ടാന ശല്യം മൂലം തീരാ ദുരിതമനുഭവിക്കുകയാണ്.
പറക്കാട് ട്രൈബൽ സെറ്റിൽമെന്റിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ എന്നും കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.കഴിഞ്ഞ എത്രയോ വർഷമായി പ്രശ്നം രൂക്ഷമായിട്ടും പ്രതിരോധ മാർഗം തീർക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.