കണ്ടങ്കാളിയിൽ കവർച്ച നടന്ന വീട്ടിൽ നിന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ തെളിവെടുക്കുന്നു

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് ഒമ്പത് ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

പയ്യന്നൂര്‍: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പയ്യന്നൂര്‍ കണ്ടങ്കാളി കുറുങ്കടവ് റോഡില്‍ താമസിക്കുന്ന പള്ളിക്കുളത്ത് വീട്ടില്‍ പി. മധുസൂദനന്റെ (73)വീട്ടിലാണ് കവര്‍ച്ച നടന്നത്. മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തുണിയുടെ കൂടെ സൂക്ഷിച്ച ഒന്നര പവന്റെ അമേരിക്കന്‍ ഡയമണ്ട് പിടിപ്പിച്ച ഒരു നെക്ലേസ്, ഒന്നര പവന്‍ തൂക്കം വരുന്ന ബ്രേസ്ലെറ്റ്, അര പവന്‍ തൂക്കം വരുന്ന രണ്ട് ഇയര്‍ സ്റ്റഡ്, ഒരു പവന്‍ തൂക്കം വരുന്ന രണ്ട് ജിമിക്കി കമ്മല്‍, ആറ് ഗ്രാം തൂക്കം വരുന്ന വിവാഹ മോതിരം, ഓരോ പവന്‍ വീതം തൂക്കംവരുന്ന മൂന്ന് സാധാരണ മോതിരം എന്നിവ ഉള്‍പ്പെടെ എട്ടേകാല്‍ പവനോളം തൂക്കം വരുന്ന ഒമ്പത് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 13ന് രാവിലെ ആറോടെ വീടുപൂട്ടി വീട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സാർഥം പോയതായിരുന്നു. വ്യാഴാഴ്ച നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും പരിശോധനക്കെത്തി. രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത കാര്‍പെന്റര്‍ തൊഴിലാളി വേണുവിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. വേണു രണ്ടാം തീയതി രാത്രി 9.30ഓടെ വീടു പൂട്ടി മാവിച്ചേരിയിലെ മകളുടെ വീട്ടിലേക്കു പോയതായിരുന്നു രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. അകത്തെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ച ഒരു ജോഡി സ്വര്‍ണ കമ്മല്‍ മോഷണം പോയിരുന്നു. പൊലീസ് നിരീക്ഷണ കാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയാണ്. മുമ്പ് കവർച്ച പരമ്പര നടന്ന പയ്യന്നൂരിൽ ഇടവേളക്കുശേഷം വീണ്ടും നടന്ന ഭവനഭേദനങ്ങൾ നാട്ടിൽ ഭീതി പരത്തി.

Tags:    
News Summary - 9 Lakh Worth of Gold Jewelry Stolen After House Break-in in Payyanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.