കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി. സ്കൂളിൽ റോബോട്ടിക്സ് ലാബ് ഉദ്ഘാടനം നിർവഹിച്ച എം. വിജിൻ എം.എൽ.എ കുട്ടികൾക്കൊപ്പം റോബോട്ടിന്റെ പ്രവർത്തനം വീക്ഷിക്കുന്നു
പയ്യന്നൂർ: കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂളിൽ പഠനം ഇനി നിർമിതി ബുദ്ധി ഉപയോഗിച്ചുള്ള റോബോട്ടിലൂടെ. സംസ്ഥാനത്തെ സർക്കാർ യു.പി. സ്കൂളുകളിൽ രണ്ടാമത്തെ എ.ഐ റോബോട്ടിക് ലാബാണ് ഇവിടെ യാഥാർഥ്യമായത്. പദ്ധതി എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടും നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷൻ നന്മയുടെ സഹായത്തോടെയുമാണ് പദ്ധതി നടപ്പിലാക്കിയത്. തിരൂർ ആസ്ഥാനമായ കൊക്കോസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് സാങ്കേതിക സഹായം നൽകുന്നത്.
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. അമ്പു അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയ് മുഖ്യാതിഥിയായി. തൃക്കരിപ്പൂർ കോളജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. എ.കെ. നവീന മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികൾക്ക് നിർമിതി ബുദ്ധി, റോബോട്ടിക്സ് എന്നിവയിൽ പ്രായോഗിക പരിശീലനവും ആഴത്തിലുള്ള അറിവും നേടാൻ സാധിക്കുന്ന നിലയിലാണ് പദ്ധതി മണ്ഡലത്തിൽ ആരംഭിക്കുന്നത്.
പരിപാടിയിൽ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വിജയലക്ഷ്മി, കണ്ണൂർ ജില്ല പഞ്ചായത്ത് മെമ്പർ പി.വി. ജയശ്രീ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ വിജയൻ അടുക്കാടൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സതീശൻ, ഗ്രാമപഞ്ചായത്ത് മെംബർ കെ. ശൈലജ, പ്രധാനാധ്യാപകൻ എം.വി. വിനോദ് കുമാർ, മാടായി ബി.പി.സി കെ. രഞ്ജിത്ത്, കൊക്കോസ് സി.ഇ.ഒ ഷെഫീക്ക് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.