കെ.ടി. യൂസഫ് മൗലവി
പാനൂർ: അഷ്ടദിക്കുകളിൽ നിന്നും ചുണ്ടുകളിൽ ലബ്ബയ്ക്കയുടെ മഹാമന്ത്രവുമായി, അല്ലാഹുവിന്റെ അതിഥികളായി എത്തിയ തൂവെള്ളവസ്ത്രധാരികളുടെ മഹാസംഗമം യൗമു അറഫ... ഹാജിമാർ അറഫയിൽ സമ്മേളിച്ചപ്പോൾ അരനൂറ്റാണ്ട് മുമ്പ് കപ്പലിലേറി ഹജ്ജിനുപോയ ഓർമകൾ പങ്കുവെക്കുകയാണ് സൗത്ത് അണിയാരത്തെ കിടാരന്റവിട കെ.ടി. യൂസഫ് മൗലവി.
1974 റമദാൻ മാസത്തിലായിരുന്നു സുഹൃത്തുക്കളായ കെ.വി. കുഞ്ഞി സൂപ്പിയും ടി.പി. കുഞ്ഞി സൂപ്പിയുമൊത്ത് മുംബൈ വഴി അക്ബർ എന്നു പേരുള്ള കപ്പലിൽ ഹജ്ജിനുപോയത്. കപ്പൽ ടിക്കറ്റ് ഉൾപ്പെടെ ആകെ അന്ന് ചിലവായത് 4000 രൂപയായിരുന്നു. ഒരാഴ്ചയായിരുന്നു കപ്പലിൽ യാത്ര ചെയ്തത്. നല്ല ഭക്ഷണം, കപ്പലിൽ അമീർ അടക്കം കശ്മീരികൾ ഉൾപ്പെടെ ഏറെ പേർ ഉണ്ടായിരുന്നു. മുഹറം മാസത്തിലായിരു നാട്ടിലേക്ക് തിരിച്ചെത്തിയത്.
മക്കയിലെത്തിയാൽ ഭക്ഷണം പാകം ചെയ്യാനായി അരി അടക്കം എല്ലാ സാധനങ്ങളും കൊണ്ടു പോയിരുന്നു. എന്നാൽ അടുത്ത റൂമിൽ താമസക്കാരായ പാക്കിസ്താൻ കുടുംബം ബസ്മതി അരി കൊണ്ട് ഉണ്ടാക്കിയ ചോറ് നൽകിയതിനാൽ നാട്ടിൽ നിന്നും കൊണ്ടുപോയ അരിയും മറ്റ് സാമഗ്രികളും മക്കയിലെ അനാഥലയത്തിന് നൽകി. മക്കയിൽ നിന്നും പ്രഥമ ഹദീസ് ഗ്രന്ഥമായ ഇമാം മാലിക്കിന്റെ മുവത്വയും മറ്റ് വിലപ്പെട്ട അറബിഗ്രന്ഥങ്ങളും വാങ്ങിയതുമെല്ലാം ഇപ്പോഴും മൗലവിയുടെ ഓർമയിലുണ്ട്.
ആയഞ്ചേരി റഹ് മാനിയ്യ ഹൈസ്കൂൾ അറബിക്ക് അധ്യാപകനായി ദീർഘനാളത്തെ സർവിസിൽ നിന്നും വിരമിച്ചതിനുശേഷം ഇപ്പോൾ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ഈ 94 കാരന് ഇപ്പോഴും ഇന്നല കഴിഞ്ഞപോലെയാണ് ഈ ഓർമകൾ. സംവിധാനങ്ങളും സൗകര്യങ്ങളും ഏറെ പുരോഗമിച്ച 1992 ൽ കുടുംബത്തോടൊപ്പം രണ്ടാമതും ഹജ്ജ് നിർവഹികാൻ യൂസഫ് മൗലവിക്ക് സാധ്യമായെങ്കിലും അരനൂമയിൽ നങ്കൂരമിടുന്നത് കപ്പലിലേറി ഹജ്ജിന് പോയ കാലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.