ആറളത്ത് ഗജമുക്തി ഓപറേഷന്റെ ഭാഗമായി വനംവകുപ്പ് ദൗത്യസംഘം വനത്തിലേക്ക് തുരത്തിയ കാട്ടാനക്കൂട്ടം
ആറളം: ആറളം ഫാമിലും പുനരധിവാസ ജനവാസമേഖലയിലും തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും സംയുക്ത ദൗത്യമായ ‘ഓപറേഷൻ ഗജമുക്തി’ നാലാം ദിവസവും വിജയകരമായി നടപ്പാക്കി. കഴിഞ്ഞ നാലുദിവസത്തെ പ്രയത്നത്തിനൊടുവിൽ ഫാമിൽ നിലയുറപ്പിച്ചിരുന്ന ഒമ്പത് കാട്ടാനകളെ ആറളം വന്യജീവിസങ്കേതത്തിലേക്ക് വിജയകരമായി കടത്തിവിടാൻ ദൗത്യസംഘത്തിന് സാധിച്ചു. നിലവിൽ ആറ് ആനകൾ കൂടി ഫാം ഏരിയയിൽ ബാക്കിയുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.
ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ നിധിൻരാജ്, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഷൈനി കുമാർ എന്നിവർ നേതൃത്വം നൽകി. ആറളം വൈൽഡ് ലൈഫ്, കൊട്ടിയൂർ, തളിപ്പറമ്പ്, കണ്ണവം റേഞ്ചുകളിലെ ജീവനക്കാർ, വാച്ചർമാർ, ആറളം ഫാം സെക്യൂരിറ്റി ജീവനക്കാർ, പി.ആർ.ടി അംഗങ്ങൾ എന്നിവരടങ്ങുന്ന 40ലധികം വരുന്ന സംഘമാണ് കാട്ടാനകളെ തുരത്തിയത്. വനത്തിലേക്ക് കയറ്റിവിട്ട ആനകൾ തിരികെ ഫാമിലേക്ക് പ്രവേശിക്കാതിരിക്കാൻ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സൗരോർജ തൂക്കുവേലികൾക്ക് മുകളിലേക്ക് വലിയ മരങ്ങൾ തള്ളിയിട്ട് വേലി തകർത്ത് ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നത് വൻഭീഷണിയാണ് ഉയർത്തുന്നത്.
കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയും മോശം കാലാവസ്ഥയും ആനകളെ ദൂരക്കാഴ്ചയിൽ കണ്ടെത്തുന്നതിനും ദൗത്യം തുടരുന്നതിനും വലിയ തടസ്സം സൃഷ്ടിച്ചിരുന്നു. ആറളം ഫാം ഏരിയയിലെ തൊഴിലാളികൾ, പ്രദേശവാസികൾ, യാത്രക്കാർ എന്നിവരുടെ പൂർണമായ സുരക്ഷ ഉറപ്പാക്കിയാണ് ഡ്രൈവ് നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ച പ്രത്യേക ലെയ്സൺ ഓഫിസർമാർ മുഖേന പൊലീസ്, റവന്യൂ, ആറളം ഫാറം പഞ്ചായത്ത് എന്നിവരുമായി മികച്ച ഏകോപനം സാധ്യമാക്കിയാണ് ദൗത്യം മുന്നോട്ടുപോകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നിരീക്ഷണമാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.
ഡ്രോൺ കാമറകൾ, കാമറ ട്രാപ്പുകൾ, നൈറ്റ് വിഷൻ തെർമൽ ബൈനോക്കുലറുകൾ എന്നിവ ഉപയോഗിച്ച് ഫാമിൽ ബാക്കിയുള്ള ആനകളുടെ കൃത്യമായ സ്ഥാനവും എണ്ണവും തിട്ടപ്പെടുത്തും. ഇതിനുശേഷം തിങ്കളാഴ്ച ‘ഓപറേഷൻ ഗജമുക്തി’യുടെ അടുത്ത ഘട്ട ഡ്രൈവ് പുനരാരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.