ന​ഴ്സു​മാ​രു​ടെ പ്ര​തി​നി​ധി​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളു​ം തമ്മിൽ ടി.​ഒ. മോ​ഹ​ന​ൻ എം.​എ​ൽ.​എ, ക​ല​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ന്ന​പ്പോ​ൾ

നഴ്സുമാരുടെ സമരം ഒത്തുതീർന്നു; ഒപ്പുവെച്ചത് അഞ്ച് ആശുപത്രി മാനേജ്മെന്റുകൾ

കണ്ണൂർ: ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ രണ്ടു മാസമായി നഴ്‌സുമാർ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീർന്നു. ടി.ഒ. മോഹനൻ എം.എൽ.എ, കലക്ടർ പി. വിഷ്ണുരാജ് എന്നിവരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് കലക്ടറുടെ ചേംബറിൽ ചേർന്ന ചർച്ചയെ തുടർന്നാണ് തർക്കം പരിഹരിച്ചത്. ഒത്തുതീർപ്പ് വ്യവസ്ഥപ്രകാരം നൂറിൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിൽ സേവനകാലയളവ് കണക്കാക്കി ശമ്പളവർധന നടപ്പാക്കണം. ഒന്നു മുതൽ അഞ്ചുവർഷം വരെ 2500 രൂപയും 5-10 വർഷം വരെ 3500ഉം 10-15 വർഷം വരെ 5500ഉം എന്നിങ്ങനെ ഇടക്കാല ആശ്വാസവും നൽകണം. നൂറിൽ കുറവുള്ള ആശുപത്രികൾക്ക് ഇത് യഥാക്രമം 2500, 3500, 5000 എന്നിങ്ങനെയാണ് വ്യവസ്ഥ. സമരത്തിന്റെ പേരിൽ പ്രതികാര നടപടിയുണ്ടാകില്ല എന്നും കരാറിൽ പറയുന്നുണ്ട്.

ഒത്തുതീർപ്പു കരാറിൽ കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രി, സ്പെഷാലിറ്റി ആശുപത്രി, കിംസ് ആശുപത്രി, ഫാത്തിമ ആശുപത്രി, ആശിർവാദ് ആശുപത്രി എന്നിവരുടെ പ്രതിനിധികൾ ഒപ്പുവെച്ചു. കൊയിലി ആശുപത്രി മാനേജ്മെന്റ് ചർച്ചയിൽ പങ്കെടുത്തില്ല. അതേസമയം, ഐ.എൻ.എയുടെ നേതൃത്വത്തിൽ കരാറിൽ ഒപ്പുവെക്കാത്ത കൊയിലി ആശുപത്രിക്ക് മുന്നിൽ സമരം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എ.ഡി.എം പി.എൻ. പുരുഷോത്തമൻ, ഐ.എൻ.എ ജനറൽ സെക്രട്ടറി ഇ.എ. മുഹമ്മദ് ശിഹാബ്, സംസ്ഥാന ജോ. സെക്രട്ടറി ഇ.കെ. അനുപമ, ജില്ല പ്രസിഡന്റ് സോഫിയ അബ്രഹാം, ആശിർവാദ് ആശുപത്രി ജന. മാനേജർ സി.പി. ആലിക്കുഞ്ഞി, കിംസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ എൻ. രാധാകൃഷ്ണൻ, സ്പെഷാലിറ്റി ആശുപത്രിയെ പ്രതിനിധാനംചെയ്ത് പി.സി. ശിവദാസ്, ഫാത്തിമ ആശുപത്രിക്കുവേണ്ടി ആദിൽ നൗഷാദ്, ധനലക്ഷ്മി ആശുപത്രിയുടെ പി. കൃഷ്ണപ്രസാദ്, തൊഴിൽവകുപ്പ് പ്രതിനിധികൾ തുടങ്ങിയവരാണ് ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുത്തത്. സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം ഉൾപ്പെടെയുള്ള നിയമപരമായ അവകാശങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയത്. ആദ്യം ആശുപത്രികൾക്കു മുന്നിൽ തുടങ്ങിയ സമരം കഴിഞ്ഞയാഴ്ചയാണ് കലക്ടറേറ്റിനു മുന്നിലേക്ക് വ്യാപിപ്പിച്ചത്.

Tags:    
News Summary - Nurses strike ends signed by five hospital managements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.