കണ്ണൂർ: ഓൺലൈൻ ട്രേഡിങ്ങിലൂടെ കൂടുതൽ പണം നേടാമെന്ന് വിശ്വസിപ്പിച്ച് മാവിലായി സ്വദേശിയായ യുവതിയുടെ കൈയിൽനിന്ന് 6,61,600 രൂപ തട്ടി. യുവതിയുടെ ഫോണിലേക്ക് ടെലഗ്രാം ആപ് വഴി ഒരു ലിങ്ക് അയച്ച് നൽകിയാണ് തട്ടിപ്പിന്റെ തുടക്കം. ലിങ്കിൽ കയറിയയപ്പോൾ ഗൂഗ്ൾ മാപ്പിലേക്ക് എത്തുകയും അവർ പറഞ്ഞതനുസരിച്ച് ഏതാനും സ്ഥലങ്ങൾക്ക് റേറ്റിങ് കൊടുത്തപ്പോൾ പ്രതിഫലമായി കുറച്ച് പണം യുവതിയുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തു.
ഓൺലൈൻ ട്രേഡിങ് നടത്തിയാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. തുടർന്ന് പലതവണകളായി 6,61,600 രൂപ തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് യുവതി അയച്ചുകൊടുത്തു. ട്രേഡിന് നടത്തുന്നതിന് ടെലഗ്രാം ആപ് വഴി ഒരു ട്രേഡിങ് ആപ്പും പരിചയപ്പെടുത്തി. പിന്നീട് അവർ ട്രേഡിങ് സംബന്ധിച്ച് നിരന്തരം ചാറ്റും നടത്തി.
തുടർന്ന് നിങ്ങളുടെ ടാസ്ക് കഴിഞ്ഞുവെന്നും പണം തിരികെ ലഭിക്കണമെങ്കിൽ ക്രെഡിറ്റ് സ്കോർ വർധിപ്പിക്കണമെന്നും അതിനായി നാല് ലക്ഷം കൂടി അയച്ചു തരണമെന്ന് പറയുകയും ചെയ്തപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.
വാട്ട്സ്ആപ്, ടെലഗ്രാം തുടങ്ങിയവ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും പരിചയമില്ലാത്ത നമ്പറുകളിൽനിന്ന് വരുന്ന മെസേജുകളോ കാളുകളോ ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യരുതെന്നും പൊലീസ് അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന ഹെൽപ് ലൈനിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.