പയ്യന്നൂര്‍ നഗരസഭയിലെ കടയില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തുന്നു

ഭക്ഷ്യ സുരക്ഷ: നാല് കടകൾ പൂട്ടിച്ചു; 111 കടകള്‍ക്ക് നോട്ടിസ്

കണ്ണൂർ: ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ ഭക്ഷ്യ -പാനീയ വിതരണ സ്ഥാപനങ്ങളില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന ശക്തമാക്കി. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച പയ്യന്നൂര്‍, കാടാച്ചിറ, ഇരിട്ടി മേഖലയിലെ നാല് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലെ വൃത്തിയില്ലായ്മ, മാലിന്യം വലിച്ചെറിയല്‍, കടകളുടെ പരിസരത്ത് മലിന ജലം ഒഴുക്കിവിടല്‍, മത്സ്യ വില്‍പ്പന സ്റ്റാളിലെ മലിനീകരണം എന്നീ നിയമ ലംഘനങ്ങള്‍ക്ക് 1,44,000 രൂപ പിഴയും ചുമത്തി.

പൊതുസ്ഥലത്തെ പുകവലി നിരോധന നിയമം ലംഘിച്ചതിനും പുകവലി നിരോധന ബോര്‍ഡ് സ്ഥാപിക്കാത്തതിനും വിവിധ സ്ഥാപനങ്ങളില്‍ 7800 രൂപ പിഴ ഈടാക്കി. ആരോഗ്യ- തദ്ദേശ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 94 സ്‌ക്വാഡുകളായി തിരിച്ചാണ് പരിശോധന. ആദ്യ രണ്ട് ദിവസത്തിനിടയില്‍ 1808 സ്ഥാപനങ്ങളില്‍ സ്‌ക്വാഡുകള്‍ പരിശോധനകള്‍ നടത്തി.

ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, ബേക്കറികള്‍, ജൂസ് കടകള്‍, തട്ടുകടകള്‍, സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉല്‍പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 111 കടകള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യല്‍, ശുചിത്വമില്ലായ്മ, മലിന ജലം പുറത്തേക്ക് ഒഴുക്കല്‍, മാലിന്യം ശരിയായി സംസ്‌ക്കരിക്കാതിരിക്കല്‍, പകര്‍ച്ച വ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കല്‍, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ പ്രവര്‍ത്തിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Tags:    
News Summary - Onam Special Drive: Four Eateries Closed, 111 Notices Issued in Kannur for Food Safety Violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.