കണ്ണൂർ: പാർട്ടി നേതൃത്വത്തെ ചോദ്യംചെയ്ത് വിമതരായി മത്സരിച്ച് എം.എൽ.എമാരായ ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും ചൊല്ലി സി.പി.എമ്മിൽ പുതിയ വിവാദം. പാർട്ടി വിട്ട് യു.ഡി.എഫ് സ്വതന്ത്രരായി മത്സരിച്ചാണ് ഇരുവരും വിജയിച്ചത്. ഇതോടെ ഇരുവരെയും വർഗ വഞ്ചകരെന്ന് മുദ്രകുത്തിയ സി.പി.എം പരസ്യമായി അവർക്കെതിരെ രംഗത്തുവരുകയും ചെയ്തിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ ഒരു ചാനൽ അഭിമുഖത്തിൽ ഇരുവരെയും പാർട്ടിയിലേക്ക് ക്ഷണിച്ചതാണ് വിവാദമായത്. തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരിച്ചുവരാമെന്നും അങ്ങനെ വന്നാൽ അവരെ ഉൾക്കൊള്ളുന്നതിൽ സി.പി.എമ്മിന് മടിയില്ലെന്നുമാണ് ജയരാജൻ പറഞ്ഞത്. ഗോവിന്ദനും കുഞ്ഞികൃഷ്ണനും സി.പി.എമ്മിൽ വലിയൊരു വിഭാഗത്തിന്റെ രഹസ്യ പിന്തുണയുണ്ടെന്ന ചർച്ച നേരത്തേതന്നെ സജീവമായതിനിടെയാണ് എം.വി. ജയരാജന്റെ പ്രസ്താവന. പരോക്ഷമായി ഇരുവരെയും പാർട്ടിയിലേക്ക് ക്ഷണിക്കലായാണ് ഈ പ്രസ്താവനയെ പലരും കാണുന്നത്. എന്നാൽ, ജയരാജന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തുവന്നത്. ഒരോരുത്തരും ഓരോ ചാനലിൽ വന്ന് സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ലെന്നും പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചതെന്നും പറഞ്ഞ ഗോവിന്ദൻ, വിമതർ പാർട്ടിയോട് ചെയ്തത് വർഗവഞ്ചനയാണെന്നും അവർ എടുത്തത് ചതിയുടെ നിലപാടാണെന്നും ആവർത്തിക്കുകയായിരുന്നു. ജി. സുധാകരനും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ചാണ് പുറത്തേക്കു പോയത്. അതൊരു വർഗവഞ്ചനയാണ്.
പാർട്ടി അത് കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും തെറ്റ് തിരുത്തുന്ന ആർക്കും കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വരാമെന്നത് ലോകത്തിലെ എല്ലാവർക്കും ബാധകമായ കാര്യമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. അതിനു പിന്നാലെ ജയരാജൻ കഴിഞ്ഞ ദിവസം കണ്ണൂരിൽ പറഞ്ഞ നിലപാട് തൃശൂരിൽ മാറ്റിപ്പറയുകയും ചെയ്തു. സി.പി.എം വിട്ട് എം.എൽ.എ ആയവർ വർഗവഞ്ചകർ തന്നെയാണെന്നാണ് ജയരാജൻ പറഞ്ഞത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗങ്ങളായിരുന്ന കുഞ്ഞികൃഷ്ണനും ഗോവിന്ദനും നേതൃത്വത്തിന്റെ നടപടികളെ ചോദ്യം ചെയ്ത് പുറത്തുപോവുകയായിരുന്നു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരെ നാളുകളോളം പാർട്ടി നേതൃത്വവുമായി കലഹിച്ചാണ് കുഞ്ഞികൃഷ്ണൻ സി.പി.എമ്മിൽനിന്ന് പടിയിറങ്ങിയത്. എന്നാൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും മഹിള അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കിയതിനെതിരെയാണ് ടി.കെ. ഗോവിന്ദൻ നേതൃത്വത്തെ വെല്ലുവിളിച്ച് പാർട്ടിവിട്ടത്. ഇരുവർക്കും നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും അണികളിൽ ഭൂരിഭാഗത്തിന്റെയും രഹസ്യ പിന്തുണയുണ്ടായിരുന്നു. ഇക്കാര്യം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വ്യക്തമാവുകയും ചെയ്തു.
യു.ഡി.എഫിന്റെ ഭാഗമായതോടെ എം.എൽ.എമാരായ ഇരുവരെയും അകറ്റിനിർത്താൻ പാർട്ടി നേതൃത്വം തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിൽ നിർദേശം നൽകുകയും ചെയ്തു. എങ്കിലും ഇരുവർക്കും സി.പി എമ്മിലെ ചിലരുടെ രഹസ്യപിന്തുണ ലഭിക്കുന്നുണ്ടായിരുന്നു. പാർട്ടി കോട്ടകൾ രണ്ടും ആദ്യമായി നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇനിയും കുഞ്ഞികൃഷ്ണനെയും ഗോവിന്ദനെയും അകറ്റിനിർത്തേണ്ടതില്ലെന്ന നിലപാട് സി.പി.എമ്മിലെ ഒരു വിഭാഗത്തിനുണ്ട്. ഇതിന്റെയെല്ലാം തുടർച്ചയായാണ് ഇരുവരെയും ജയരാജൻ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്ന വിലയിരുത്തലാണുള്ളത്. അതിനെയാണ് സംസ്ഥാന സെക്രട്ടറി അതിവേഗം തള്ളിയത്. നവ മാധ്യമങ്ങളിലടക്കം അണികൾ വിഷയം ചൂടേറിയ ചർച്ചയാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം താൻ ചെയ്ത തെറ്റ് എന്തെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്ന് തിരിച്ചടിച്ച കുഞ്ഞികൃഷ്ണൻ പി.എം ശ്രീയോ വിഴിഞ്ഞമോ പറഞ്ഞല്ല പാർട്ടി വിട്ടതെന്നും താൻ ഇപ്പോഴും കമ്യൂണിസ്റ്റാണെന്നും തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.