അഴീക്കോട് മണ്ഡലത്തില്‍ സ്ഥാപിച്ച ഇന്സ്റ്റലേഷൻ
മന്ത്രി കെ. രാധാകൃഷ്ണന് അനാച്ഛാദനം ചെയ്യുന്നു
കണ്ണൂർ: അഴീക്കോട് മണ്ഡലത്തിന്റെ വഴിയോരങ്ങളില്‍ ചരിത്രം പറയും ഇന്‍സ്റ്റലേഷനുകൾ. മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായാണ് 18 പ്രചാരണ ഇന്സ്റ്റലേഷന് ഒരുക്കുന്നത്. പള്ളിക്കുന്നില്‍ പൂര്‍ത്തിയായ ഇന്സ്റ്റലേഷന് മന്ത്രി കെ. രാധാകൃഷ്ണന് അനാച്ഛാദനം ചെയ്തു.
അഴീക്കോടിന്റെ ചരിത്രം പുതുതലമുറയെ പരിചയപ്പെടുത്താനാണ് ഇവ ഒരുക്കുന്നത്. പടയാളികള്‍, പീരങ്കി, ബോട്ട്, കുതിരവണ്ടി, യുദ്ധവിരുദ്ധ സ്തൂപം, നെയ്ത്ത് തുടങ്ങിയവക്ക് ശില്പികളായ സുരേന്ദ്രന് കൂക്കാനം, രവീന്ദ്രന് പുറക്കുന്ന്, അശോകന് പുറക്കുന്ന്, സുരേഷ് കൂക്കാനം, രാഹുല്‍ കുഞ്ഞിമംഗലം തുടങ്ങിയവരാണ് ജീവന് പകരുന്നത്.
പള്ളിക്കുന്നില്‍ പാഴ്വസ്തുക്കളായ കുപ്പി, വീപ്പ, ടയര്‍, പലക, ഉപയോഗശൂന്യമായ വാഹനം തുടങ്ങിയവ ഉപയോഗിച്ച് തെയ്യം, അനൗണ്‍സ്മെന്റ് വാഹനം എന്നിവയുടെ മാതൃകയാണ് ഒരുക്കിയത്. ഹരിതകര്‍മ സേനയില്‍നിന്ന് ശേഖരിച്ച പാഴ് വസ്തുക്കള്‍ കൊണ്ട് ഒരുക്കുന്നതിലൂടെ എല്ലാത്തിനും മൂല്യമുണ്ടെന്ന സന്ദേശവും നല്‍കുകയാണ്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ജനശ്രദ്ധ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ചടങ്ങില്‍ കെ.വി. സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, സംഘാടക സമിതി കണ്‍വീനര്‍ ടി.ജെ. അരുണ്‍, കണ്ണൂര്‍ ഗവ. കൃഷ്ണമേനോന് വനിത കോളജ് പ്രിന്‍സിപ്പല്‍ ചന്ദ്രമോഹന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.